കേരളം കണ്ടതില്‍ കെ. ആര്‍ ഗൗരമ്മയെപ്പോലെ തന്നെ അഴിമതിയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് ജി. സുധാകരന്‍
കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരനെ ജെ.എസ്.എസിലേക്ക് അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നതായി ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അഡ്വ. എ. എന്‍ രാജന്‍ ബാബു പറഞ്ഞു. കേരളം കണ്ടതില്‍ കെ. ആര്‍ ഗൗരമ്മയെപ്പോലെ തന്നെ അഴിമതിയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്തിട്ടുള്ള വ്യക്തിയാണ് ജി. സുധാകരന്‍. അതു കൊണ്ടു തന്നെ അദ്ദേഹത്തെ എറെ അഭിമാനത്തോടെ തന്നെയാണ് ജെ.എസ്.എസിലേക്ക് സ്വാഗതം ചെയ്യുന്നതെന്നും അഡ്വ. രാജന്‍ ബാബു പറഞ്ഞു. ഗൗരിയമ്മയ്‌ക്കൊപ്പം ജി. സുധാകരന്‍ സിപിഎമ്മില്‍ പ്രവര്‍ത്തിച്ചപ്പോഴും പാര്‍ട്ടി നേതൃത്വം ഏകപക്ഷീയമായി ഗൗരിയമ്മയെ പുറത്താക്കിയപ്പോഴും ഗൗരിയമ്മയെ ആദരവോടെ മാത്രമെ ജി. സുധാകരന്‍ നോക്കിക്കണ്ടിട്ടുള്ളുവെന്നത് രാഷ്ട്രീയത്തിനപ്പുറമുള്ള ജി. സുധാകരന്റെ വ്യക്തിത്വമാണ് എടുത്തു കാണിക്കുന്നത്.
ഗൗരിയമ്മയ്‌ക്കെതിരെ സിപിഎം ഒരു ഘട്ടത്തില്‍ സ്വീകരിച്ച അതേ ശൈലിതന്നയൊണ് ഇപ്പോള്‍ ജി. സുധാകരനെതിരെയും സ്വീകരിക്കുന്നത്. സിപിഎമ്മില്‍ ഇപ്പോള്‍ കമ്മ്യുണിസം അല്ല പിണറായിസമാണുള്ളതെന്നും പാര്‍ട്ടി വ്യക്തികേന്ദ്രീകൃതമായി മാറിയിരിക്കുകയാണെന്നും അഡ്വ. എ. എന്‍ രാജന്‍ ബാബു വ്യക്തമാക്കി. മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ഒരിക്കല്‍ പോലും തന്റെ മേല്‍ അഴിമതിയുടെ നിഴല്‍ പോലും വീഴ്ത്താന്‍ ജി. സുധാകരന്‍ അനുവദിച്ചിരുന്നില്ല. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം വകുപ്പില്‍ നടത്തിയ മാറ്റങ്ങളും കേരളത്തിലെ റോഡുകളില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങളും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും അഡ്വ. എ. എന്‍ രാജന്‍ ബാബു പറഞ്ഞു. രാഷ്ട്രീയ കേരളത്തിന് ഇനിയും ജി. സുധാകരനെ ആവശ്യമുണ്ടെന്നും അദ്ദേഹത്തിന് ജെ.എസ്. എസ് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അഡ്വ. എ. എന്‍ രാജന്‍ ബാബു വ്യക്തമാക്കി.

