വഖഫ് ബില്ലില്‍ മുനമ്പത്തെയോ ഇത്തരം ദുരിതം അനുഭവിക്കുന്ന ജനതയ്‌ക്കോ സംരക്ഷണം അനുവദിക്കുന്ന ഒരു ഭാഗം പോലും ഇല്ല.
കൊച്ചി:മുനമ്പത്തെ ജനങ്ങളെ കബളിപ്പിക്കുന്ന രാഷ്ട്രീയനാടകമാണ് ബിജെപി നടത്തുന്നതെന്നും വഖഫ് നിയമഭേദഗതിയിലൂടെ മുനമ്പത്തെ ജനങ്ങള്‍ക്ക് നീതികിട്ടില്ലെന്നും ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അഡ്വ.എ.എന്‍ രാജന്‍ ബാബു പറഞ്ഞു. ജെ.വൈ.എസ് സംസ്ഥാന നേതൃപഠനക്യാംപ് എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യമാണ്.വഖഫ് ബില്ലുകൊണ്ട് മുനമ്പത്തെ ജനതയ്ക്കു എങ്ങനെ നീതി കിട്ടുമെന്ന് അവര്‍ക്ക് വ്യക്തമാക്കാന്‍ കഴിയുന്നില്ല.
വഖഫ് ബില്ലില്‍ മുനമ്പത്തെയോ ഇത്തരം ദുരിതം അനുഭവിക്കുന്ന ജനതയ്‌ക്കോ സംരക്ഷണം അനുവദിക്കുന്ന ഒരു ഭാഗം പോലും ഇല്ല. വര്‍ഷങ്ങളായി കുത്തകപാട്ടക്കാരന്റെ കീഴില്‍ ജന്മി കൈവശം വെയ്ക്കുകയും പിന്നീട് തീറാധാരം ചെയ്ത ഭൂമി കൈവശം വെയ്ക്കുന്നത് വഖഫ് ഭൂമിയില്‍ വരില്ല എന്ന് നിലവിലെ വഖഫ് ബില്ലില്‍ ഇല്ല. ഈ ഭൂമിയെ ഒഴിവാക്കുന്നു എന്ന ഒരു വകുപ്പ് പ്രത്യക്ഷമായോ പരോക്ഷമായോ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അഡ്വ.എ.എന്‍ രാജന്‍ ബാബു പറഞ്ഞു. മതനിരപേക്ഷ മാനവിക മൂല്യങ്ങളെ തച്ചു ഉടച്ച് സ്വാര്‍ത്ഥ താല്‍പ്പര്യത്തോടെ ഏതു വിധേനയും അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രമാണ് ബിജെപി നടത്തുന്നത്. ഇതിന്റെ ഉദാഹരണാണ് മുനമ്പത്ത് ബിജെപി നടത്തുന്ന രാഷ്ട്രീയ നാടകമെന്നും അഡ്വ. എ.എന്‍ രാജന്‍ബാബു പറഞ്ഞു.
ജെ.എസ്. എസ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ എ വി താമരാക്ഷന്‍ മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം ജില്ലാ സെക്രട്ടറി വി.കെ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജെ.വൈ.എസ് സംസ്ഥാന കണ്‍വിനര്‍ ഡോ.അഭിലാഷ് നാഥ്, അര്‍ഷാദ് കോഴിക്കോട്, മന്‍സൂര്‍ റഹ്മാനിയ, സാജന്‍ പെരുമ്പാവൂര്‍, അമ്പര്‍ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ജെസി ഐ ട്രെയിനര്‍ രജിലന്‍, അശോക് കുമാര്‍, സഞ്ജീവ് സോമരാജന്‍, ജയന്‍ ഇടുക്കി തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.