ഇമ്മ്യൂണോളജിയും ഇന്‍ഫെക്ഷനും എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രമേയം. ജൂലൈ 11 ന് വൈകിട്ട് ഏഴിന് നടക്കുന്ന സമ്മേളനത്തില്‍ കേരള ആരോഗ്യസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും
കൊച്ചി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യുറോളജിസ്റ്റ്‌സ് (കാന്‍) സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര ‘കാന്‍ മണ്‍സൂണ്‍ സമ്മിറ്റ് 2025’ ജൂലൈ 11 മുതല്‍ 13 വരെ എറണാകുളം ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. റെജി പോള്‍, സെക്രട്ടറി ഡോ. വി.ടി ഹരിദാസ്, ട്രഷറര്‍ ഡോ. ശരത് മേനോന്‍, കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ്‌സ് സെക്രട്ടറി ഡോ. ആര്‍. സുരേഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇമ്മ്യൂണോളജിയും ഇന്‍ഫെക്ഷനും എന്നതാണ് ഈ വര്‍ഷത്തെ സമ്മേളനത്തിന്റെ പ്രമേയം. ഡോ. ടെറന്‍സ് തോമസ് (സിംഗപ്പൂര്‍), ഡോ. മൈക്കിള്‍ ഫോംഗ് (ഓസ്‌ട്രേലിയ), ഡോ. റോബിന്‍ ലെമ്മെന്‍സ് (ബല്‍ജിയം), പ്രൊഫ. അവിന്ദ്രനാഥ് (യു.എസ്.എ), പ്രൊഫ. കിരണ്‍ ടി. താക്കൂര്‍ (യു.എസ്.എ), പ്രൊഫ. അമിത് ബാര്‍ (യു.എസ്.എ), ഡോ. ഷെക്കീബ് മുഹമ്മദ് (ഓസ്‌ട്രേലിയ), ഡോ.ബെല്‍ ഈപ്പന്‍ (യു.എസ്.എ), ഡോ. സുഷ്മ ഗോയല്‍ (യു.കെ), ഡോ. രാമന്‍ ശങ്കര്‍ (യു.എസ്.എ) ഉള്‍പ്പെടെ വിദേശത്തും സ്വദേശത്തുമുളള ന്യൂറോളജി വിദഗ്ദര്‍ സമ്മിറ്റില്‍ പങ്കെടുത്ത് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും. 700 ലധികം പ്രതിനിധികള്‍ സമ്മിറ്റില്‍ പങ്കെടുക്കും.
ജൂലൈ 11 ന് രാവിലെ ഒമ്പതു മുതല്‍ സെമിനാറുകളും ചര്‍ച്ചകളും ആരംഭിക്കും. വൈകിട്ട് ഏഴിന് നടക്കുന്ന സമ്മേളനത്തില്‍ കേരള ആരോഗ്യസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍ പ്രൊഫസറും മുന്‍ ഇന്ത്യന്‍ അംബാസിഡറുമായ പ്രൊഫ വേണു രാജമാണി (റിട്ട.) ഐ.എഫ്.എസ് മുഖ്യ പ്രഭാഷണം നടത്തും. പ്രൊഫ. ആനന്ദ് കുമാര്‍, പ്രൊഫ. എ. എസ്. ഗിരിജ എന്നിവരെ ചടങ്ങില്‍ ആദരിക്കും. ഐ.എം.എ കൊച്ചി സെക്രട്ടറി ഡോ. സച്ചിന്‍ സുരേഷ്, ഡോ.റെജി പോള്‍, ഡോ. ബി. രഘുനാഥ്, ഡോ.ആര്‍. സുരേഷ് കുമാര്‍, ഡോ.വി.ടി ഹരിദാസ് എന്നിവര്‍ സംസാരിക്കും. പ്രൊഫ. സഞ്ജീവ് തോമസ്, ഡോ. ബി. രാജേന്ദ്രന്‍ എന്നിവരോടുളള ആദര സൂചകമായി അസോസിയേഷന്റെ നേതൃത്വത്തില്‍ ജൂലൈ 12 ന് വൈകിട്ട് ഏഴിന് ‘ ഇന്‍ഫ് ളുവെന്‍സ് ഓഫ് ന്യൂറോജെനറ്റിക്‌സ് ഓണ്‍ എമര്‍ജിംഗ് ആന്റിസീഷര്‍ മെഡിക്കേഷന്‍സ് ‘ എന്ന വിഷയത്തില്‍ പ്രൊഫ. രാമന്‍ ശങ്കര്‍ പ്രസംഗിക്കും. ഗതാഗതം, പാര്‍ക്കിംഗ് ഉള്‍പ്പെടെ കൊച്ചി നഗരത്തെ യാതൊരു വിധത്തിലും ബാധിക്കാത്ത വിധത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കി. സമ്മിറ്റിന്റെ ഭാഗമായി ഉറക്കക്കുറവും വ്യാധികളും എന്ന വിഷയത്തില്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ നോളഡ്ജ് ഹബ്ബില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.

