കവച് പദ്ധതി : ലോഗോ പ്രകാശനം ചെയ്തു; രജിസ്‌ട്രേഷന് തുടക്കം

കൊച്ചി: ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ള കുട്ടികളെയും അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും പിന്തുണയ്‌ക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ പറഞ്ഞു. ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥകളിലുള്ള കുട്ടികളെയും, അല്‍ഷിമേഴ്‌സ്,ഡിമെന്‍ഷ്യ ബാധിച്ച മുതിര്‍ന്നവരെയും സഹായിക്കാന്‍ ഡേ ഡ്രീംസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇവരുടെ വിവരങ്ങളടങ്ങിയ ബ്രേസ് ലെറ്റ്, പെന്‍ഡന്റ് എന്നിവ നിര്‍മ്മിച്ച് നല്‍കുന്ന കവച് പദ്ധതിയുടെ ലോഗോ പ്രകാശനം കലൂര്‍ ഐ.എം.എ ഹൗസില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ളവര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ കഴിവുകളുള്ളവരാണ്. അതുകൊണ്ടു തന്നെ ഇവരെ ഒരിക്കലും മാറ്റി നിര്‍ത്താതെ കൂടുതല്‍ പരിഗണനയോടെ ചേര്‍ത്തു പിടിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്‍ പറഞ്ഞു.

കവച് പദ്ധതി ഡൗണ്‍സിന്‍ഡ്രോം, ഓട്ടിസം അവസ്ഥയിലുള്ള കുട്ടികള്‍ക്ക് വലിയ സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പദ്ധതി വഴിയുള്ള രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ അഡ്വ. കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പദ്ധതിയ്ക്ക് ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി എല്ലാ വിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഐ.ആര്‍.ഇ.എ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. ഗോമതി സുബ്രമഹ്ണ്യന്‍, പുതിയ പ്രസിഡന്റ് ഡോ. റിജോ മാത്യു, കൊച്ചി ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എം.ആര്‍ ബാലചന്ദ്രന്‍ നായര്‍, സെക്രട്ടറി ഡോ. വിനോദ് സുകുമാരന്‍, ഡോ. അമല്‍ ആന്റണി, ഡോ.അവനി സ്‌കന്ദന്‍, ഡേ ഡ്രീംസ് മുഖ്യരക്ഷാധികാരി ബിജീഷ് കണ്ണാംകുളത്ത്, ഐ.സി.ആര്‍.ടി ഫിനാന്‍സ് കണ്‍ട്രോളര്‍ പി. എസ് മഹേഷ്, ഡോ. രമേഷ് ഷേണായ്, അജിത് കുമാര്‍ പട്ടത്ത്, സുജാതാ മേനോന്‍,തുടങ്ങിയവര്‍ പങ്കെടുത്തു.

www.yoursdaydreams.com എന്ന വെബ് സൈറ്റ് വഴി ബ്രേസ് ലെറ്റ്, പെന്‍ഡന്റ് എന്നിവയ്ക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സി.ജെ മാത്യു ഐ.ആര്‍.എസ് ആണ് കവച് പദ്ധതിയുടെ ചെയര്‍മാന്‍. ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി, ജെറിയാട്രിക് സൊസൈറ്റി ഓഫ് ഇന്ത്യകേരള (ഡോക്ടേഴ്‌സ്) ഇന്‍ഡ്യന്‍ റേഡിയോളജിക്കല്‍ ആന്റ് ഇമേജിംഗ് അസോസിയേഷന്‍ കേരള (ഡോക്ടേഴ്‌സ്), കെ.സി.ബി.സി, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 318 ഇ, അസ്സോസിയേഷന്‍ ഫോര്‍ ദി ഇന്റലക്ച്വലി ഡിസേബിള്‍ഡ് (എ.ഐ.ഡി), അമ്മ സ്‌കാന്‍ സെന്റര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Spread the love