വന്യജീവി ആക്രമണത്തെ തുടര്‍ന്നുള്ള മരണങ്ങളില്‍ 24 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണം എന്ന അമിക്കസ് ക്യൂറിയുടെ വിലയിരുത്തല്‍ സ്വാഗതാര്‍ഹമാണ്.
കൊച്ചി: വര്‍ധിച്ചുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളെയും അതിലേയ്ക്ക് നയിക്കുന്ന സാഹചര്യങ്ങളെയും നിയന്ത്രണ വിധേയമാക്കാനും ജനങ്ങളുടെ ദുരവസ്ഥ മനസിലാക്കി പരിഹരിക്കാനും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ക്രിയാത്മകമായി ഇടപെടണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്മാന്മാരായ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍,ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, സെക്രട്ടറി ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ എന്നിവര്‍ വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു2023-24 കാലഘട്ടത്തില്‍ 2630 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിലുണ്ടായത് എന്ന, ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നടുക്കം ഉളവാക്കുന്നതാണ്. അഞ്ചു വര്‍ഷങ്ങള്‍ക്കിടെ 103 പേര് കാട്ടാനകളുടെയും 341 പേര് മറ്റു വന്യജീവികളുടെയും അക്രമണങ്ങളാല്‍ കൊല്ലപ്പെടുകയുണ്ടായി. വന്യജീവികളാല്‍ സംഭവിച്ച കൃഷി സ്വത്ത് നഷ്ടങ്ങള്‍ കണക്കുകൂട്ടലുകള്‍ക്കും അതീതമാണ്. വന്യമൃഗ ആക്രമണങ്ങള്‍ ദിനംപ്രതിയെന്നോണം പതിവായതോടെ സര്‍ക്കാരും ജനപ്രതിനിധികളും മുഖ്യധാരാ മാധ്യമങ്ങളും അത്തരം ദുരന്തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന പോലും ഇപ്പോള്‍ നല്‍കുന്നില്ല. വര്‍ധിച്ചുകൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളെയും അതിലേയ്ക്ക് നയിക്കുന്ന സാഹചര്യങ്ങളെയും നിയന്ത്രണ വിധേയമാക്കാനും ജനങ്ങളുടെ ദുരവസ്ഥ മനസിലാക്കി പരിഹരിക്കാനും സര്‍ക്കാര്‍ പദ്ധതികള്‍ വിഭാവനം ചെയ്യുകയും ഇത്തരം വിഷയങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കി അവതരിപ്പിക്കാന്‍ എല്ലാ മാധ്യമങ്ങളും രാഷ്ട്രീയ സംഘടനാ നേതൃത്വങ്ങളും മുന്നോട്ടുവരികയും ചെയ്യണം.
വന്യജീവി ആക്രമണത്തെ തുടര്‍ന്നുള്ള മരണങ്ങളില്‍ 24 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണം എന്ന അമിക്കസ് ക്യൂറിയുടെ വിലയിരുത്തല്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍, കുറഞ്ഞ നഷ്ടപരിഹാര തുകപോലും ഇരകള്‍ക്ക് യഥാസമയം ലഭ്യമാകാതെ വരുന്ന ഇന്നത്തെ സാഹചര്യത്തിന് മാറ്റംവരാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും മരണപ്പെട്ടവരുടെ ഉറ്റവര്‍ക്കും പരിക്കേറ്റവര്‍ക്കും സ്വത്ത് നഷ്ടപ്പെട്ടവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം സമയബന്ധിതമായി ലഭിക്കുന്നു എന്നത് ഉറപ്പുവരുത്തുകയും വേണം.
കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ വന്യജീവി ആക്രമണം ഭയന്ന് ജീവിക്കുന്ന സാഹചര്യത്തിലും ജനപക്ഷത്ത് നില്‍ക്കാതെ ജനദ്രോഹപരമായ നിലപാടുകള്‍ നിരന്തരം സ്വീകരിക്കുന്ന വനം വകുപ്പിന്റെ നീക്കങ്ങളെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം. ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലും മറ്റു മലയോര വന പരിസര മേഖലകളിലും പതിറ്റാണ്ടുകളായി നിയമാനുസൃതമായി ജനങ്ങള്‍ കൈവശം വച്ചിട്ടുള്ള കൃഷി ജനവാസ ഭൂമിയില്‍ അതിക്രമിച്ചു കയറി അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ജനങ്ങളുടെ അവകാശങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന വനംവകുപ്പിന്റെ നീക്കങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതാണ്. ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ക്ക് പോലും വിലകല്‍പ്പിക്കാതെയുള്ള ചില ഉദ്യോഗസ്ഥരുടെ അധികാര ദുര്‍വിനിയോഗം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

