കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി ; മുഖ്യപരിശീലകന്‍ സ്റ്റാറെ തെറിച്ചു

സ്റ്റാറേയ്‌ക്കൊപ്പം സഹപരിശീലകരായിരുന്നു ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരു ടീം വിട്ടതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി മാനേജ്‌മെന്റ് അറിയിച്ചു.

 

കൊച്ചി: ഐഎസ്എല്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ തോല്‍വിക്കു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകന്‍ മിഖായേല്‍ സ്റ്റാറെ ടീം വീട്ടു. സ്റ്റാറേയ്‌ക്കൊപ്പം സഹപരിശീലകരായിരുന്നു ബിയോണ്‍ വെസ്‌ട്രോം, ഫ്രെഡറിക്കോ പെരേര മൊറൈസ് എന്നിവരു ടീം വിട്ടതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി മാനേജ്‌മെന്റ് അറിയിച്ചു. വുകുമനോവിച്ചിന് പകരക്കാരനായിട്ടാണ് മിഖായേല്‍ സ്റ്റാറേ ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുഖ്യപരിശീലകനായി എത്തുന്നത്. എന്നാല്‍ സീസണ്‍ ആരംഭിച്ച് ഇതുവരെ കളിച്ച 12 മല്‍സരങ്ങളില്‍ മൂന്നു മല്‍സരങ്ങളില്‍ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയിക്കാനായത്. ഏഴു കളികള്‍ തോറ്റപ്പോള്‍ രണ്ടു മല്‍സരം സമനിലയില്‍ പിരിഞ്ഞു.

തുടര്‍ച്ചയായി ടീ തോല്‍ക്കാന്‍ തുടങ്ങിയതോടെ സ്റ്റാറെ തെറിച്ചേക്കുമെന്ന് ഏകദേശ സുചനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മോഹന്‍ ബഗാനെതിരെയും മുന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോറ്റതോടെ സ്റ്റാറെയുടെ ബ്ലാസ്റ്റേഴ്‌സിലെ ഭാവി തുലാസിലായിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റാറെ ടീം വിടുന്നത് കാര്യം ടീം മാനേജ്‌മെന്റ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കൊപ്പമുള്ള കാലയളവിലുടനീളം നല്‍കിയ സംഭാവനകള്‍ക്ക് മിഖായേല്‍, ബിയോണ്‍, ഫ്രെഡറിക്കോ എന്നിവരോട് ക്ലബ്ബിന്റെ ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നുവെന്നും അവരുടെ ഭാവി ഉദ്യമങ്ങള്‍ക്ക് വിജയാശംസകള്‍ നേരുന്നതായും ടീം മാനേജ്‌മെന്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.ടീമിന്റെ പുതിയ മുഖ്യ പരിശീലകനെ ക്ലബ്ബ് ഉടന്‍ പ്രഖ്യാപിക്കും. കെബിഎഫ്‌സി റിസര്‍വ് ടീമിന്റെ മുഖ്യപരിശീലകനും യൂത്ത് ഡെവലപ്‌മെന്റ് ഹെഡുമായ തോമക്ക് തൂഷ്, സഹപരിശീലകന്‍ ടി.ജി പുരുഷോത്തമന്‍ എന്നിവര്‍ പുതിയ നിയമനം സ്ഥിരീകരിക്കുന്നത് വരെ പ്രധാന ടീമിന്റെ പരിശീലക ചുമതല വഹിക്കുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു.

Spread the love