സ്പാനിഷ്  താരം കോള്‍ഡോ ഒബിയേറ്റ കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍

31കാരനായ കോള്‍ഡോ, സ്പാനിഷ് ക്ലബ്ബായ റിയല്‍ യൂണിയനില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിംഗ് കൂടിയാണിത്.
കൊച്ചി: പുതിയ സീസണ് മുന്നോടിയായി സ്പാനിഷ് സെന്റര്‍ ഫോര്‍വേഡ് താരമായ കോള്‍ഡോ ഒബിയേറ്റയുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പുവെച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ് സി. സ്പാനിഷ് ലീഗുകളിലെ തന്റെ ഗോളടി മികവും വര്‍ഷങ്ങളുടെ പ്രൊഫഷണല്‍ പരിചയസമ്പത്തും ഉള്ള കോള്‍ഡോ ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റനിരയില്‍ മുതല്‍ക്കൂട്ടാകും. 31കാരനായ കോള്‍ഡോ, സ്പാനിഷ് ക്ലബ്ബായ റിയല്‍ യൂണിയനില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിംഗ് കൂടിയാണിത്. ബാസ്‌ക് കണ്‍ട്രിയിലെ ജെര്‍ണിക്കയില്‍ ജനിച്ച കോള്‍ഡോ, തന്റെ ഹോംടൗണ്‍ ക്ലബ്ബായ ജേര്‍ണികയില്‍ നിന്നാണ് ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ചത്. 2012ല്‍ സീനിയര്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് സമൂദിയോ, എസ്.ഡി. അമോറെബിയെറ്റ, സി.ഡി. ടുഡെലാനോ, എ.ഡി. അല്‍കോര്‍ക്കോണ്‍ എന്നിവയുള്‍പ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്.

ആറടി ഉയരമുള്ള കോള്‍ഡോ, ബോക്‌സിനുള്ളിലെ കരുത്തിനും കൃത്യമായ പൊസിഷനിംഗിനും പേരുകേട്ട താരമാണ്. എയറില്‍ പന്ത് സ്വീകരിക്കാനുള്ള അസാമാന്യമായ കഴിവും കൗണ്ടര്‍ അറ്റാക്കുകളിലെ ഫിനിഷിംഗ് മികവും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തിന് പുതിയ ഊര്‍ജ്ജം പകരും. പ്രധാനമായും മുന്നേറ്റനിരയില്‍ കളിക്കുന്ന താരം, സമീപ വര്‍ഷങ്ങളില്‍ വിവിധ ഫോര്‍വേഡ് റോളുകളിലേക്ക് മാറിയും തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബുകളില്‍ കളിച്ച് പരിചയമുള്ള ഒരു മികച്ച ഫോര്‍വേഡ് പ്ലെയറാണ് കോള്‍ഡോ. ടീമിന്റെ അറ്റാക്ക് നിരയ്ക്ക് അദ്ദേഹത്തിന്റെ കഴിവുകള്‍ കൂടുതല്‍ കരുത്ത് നല്‍കുമെന്നാണ് വിശ്വസിക്കുന്നതെന്ന് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ കുടുംബത്തിന്റെ ഭാഗമായതില്‍ എനിക്ക് അതിയായ അഭിമാനമുണ്ടെന്നും കളിക്കളത്തില്‍ ഇറങ്ങാനും എന്റെ ഏറ്റവും മികച്ച പ്രകടനം നല്‍കാനും ഞാന്‍ കാത്തിരിക്കുകയാണെന്നും കോള്‍ഡോ ഒബിയേറ്റ പറഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രീസീസണ്‍ ക്യാമ്പ് ഈ മാസം 7  ന് ഗോവയില്‍ ആരംഭിക്കുന്നതോടെ കോള്‍ഡോയും ടീമിനൊപ്പം ചേരും. അദ്ദേഹത്തെ കൂടാതെ, ഈ സീസണില്‍ പുതുതായി കരാറിലെത്തിയ മറ്റു താരങ്ങളും ഗോവയില്‍ ടീമിനൊപ്പം പരിശീലനം ആരംഭിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു