13.3 കോടി രൂപ മുതൽ മുടക്കിലാണ് കേരളത്തിലെ ആദ്യ പാൽ പൊടി നിർമ്മാണ കേന്ദ്രം മലപ്പുറത്തു ഒരുക്കിയിരിക്കുന്നത്
കേരളത്തിലെ ആദ്യ പാൽപ്പൊടി നിർമാണ ഫാക്ടറി മലപ്പുറത്തെ മൂർക്കനാട് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫാക്ടറി നാടിനു സമർപ്പിച്ചത്. ക്ഷീരകർഷകർക്ക് എന്നും കൈത്താങ്ങാകുന്ന മിൽമയുടെ പുതിയ സംരഭം ഏറെ പ്രതീക്ഷ നൽകുന്നതാണ്. മാറുന്ന കാലത്തിനനുസരിച്ച് ഉത്പന്നങ്ങളും സംവിധാനങ്ങളും മാറണമെന്ന ലക്ഷ്യത്തോടെയാണ് മിൽമ സംസ്ഥാനത്തെ ആദ്യത്തെ പാൽപ്പൊടി നിർമാണ ഫാക്ടറി ആരംഭിക്കുന്നത്.
പ്രമുഖ കമ്പനിയായ ടെട്രാപാക്കാണ് മലപ്പുറം ഡയറി & മിൽക്ക് പൗഡർ ഫാക്ടറിയുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. പത്തു ടൺ ഉദ്പാദന ശേഷിയുള്ള ഫാക്ടറിയുടെ നിർമ്മാണ ചെലവ് 13.3 കോടി രൂപയാണ്. പ്രതിദിനം ഒരുലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റാനാകുന്ന സാങ്കേതികവിദ്യയാണ് പ്ലാന്റിൽ ഒരുക്കിയിരിക്കുന്നത്. സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡാറ്റാ അക്വിസിഷൻ എസ്സിഎഡിഎ സംവിധാനം വഴി ഉൽപ്പാദനപക്രിയ നിരീക്ഷിക്കുക, നിയന്ത്രിക്കുക തുടങ്ങിയ ആധുനിക സൗകര്യങ്ങളും പ്ലാന്റിൽ സജ്ജമാക്കിയിട്ടുണ്ട്.
നിലവിൽ പ്രതികൂല സാഹചര്യങ്ങളിൽ മിച്ചം വരുന്ന പാൽ നശിച്ചു പോകാതെ പൊടിയാക്കി മാറ്റാൻ മലപ്പുറം ഡയറി & മിൽക്ക് പൗഡർ ഫാക്ടറിയുടെ വരവോടെ സാഹചര്യമുണ്ടാകും. ഇതുവഴി ക്ഷീരകർഷകർ സംഭരിക്കുന്ന മുഴുവൻ പാലിനും വിപണി കണ്ടെത്താൻ സാധിക്കും. മിൽമയുടെ പാൽപ്പൊടി നിർമ്മാണ ഫാക്ടറി കേരളത്തിന്റെ ക്ഷീരോൽപാദന മേഖലക്ക് ഊർജ്ജമായി മാറും.