വ്യാപാരസ്ഥാപനങ്ങളെ സര്‍ക്കാര്‍ സഹായിക്കും

കൊച്ചി: ഭക്ഷ്യോല്‍പാദന വിതരണ മേഖലക്ക് ഉണര്‍വ്വേകാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. സംസ്ഥാനത്തെ വ്യാപാര വാണിജ്യ മേഖലക്ക് ഉണര്‍വേകാന്‍ വാണിജ്യവകുപ്പിന്റെ നേതൃത്വത്തില്‍ മന്ത്രി പി. രാജീവ് വിളിച്ച വ്യാപാരികളുടെ യോഗത്തിലാണ് കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യം ഉന്നയിച്ചത്.

വാണിജ്യമേഖലയുടെ ഉണര്‍വിന് ഫെബ്രുവരിയില്‍ ഗ്രാന്റ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. എം.എസ്.എം.യില്‍ ഉള്‍പ്പെട്ട വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇന്‍ഷുര്‍ ചെയ്യുവാന്‍ 5000 രൂപ വരെ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.

വ്യാപാര സ്ഥാപനങ്ങള്‍ക്ക് ബാങ്കുകളില്‍നിന്നും ബിസിനസ് ഉന്നമനത്തിനായി വായ്പലഭ്യമാക്കുവാനും സര്‍ക്കാര്‍ സഹായിക്കും. ചെറുകിട വ്യാപാരമേഖല പ്രത്യേകിച്ച് ഹോട്ടല്‍ /റസ്റ്റോറന്റ് അടക്കമുള്ള ഭക്ഷ്യോല്‍പാദന വിതരണ മേഖല നിലവില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ മറ്റ് മന്ത്രാലയങ്ങളുമായി ചര്‍ച്ച ചെയ്ത് പരിഹാരമാര്‍ഗം കണ്ടെത്താമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി. ജയപാല്‍ അറിയിച്ചു.

 

Spread the love