2025 മാര്‍ച്ച് 30നകം സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളെയും ഹരിത ഗ്രന്ഥശാല പദവിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
ഹരിത പെരുമാറ്റച്ചട്ടം പാലിച്ചും മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനില്‍ പങ്കാളികളായും സംസ്ഥാനത്തെ ഗ്രന്ഥശാലകള്‍ ഹരിത ഗ്രന്ഥശാലകളായി മാറുന്നു. ഇതിനു മുന്നോടിയായി സംസ്ഥാന ലൈബ്രറി കൗണ്‍സിലിനു കീഴിലുള്ള താലൂക്ക്ജില്ലസംസ്ഥാന തലങ്ങളിലെ ഗ്രന്ഥശാല പ്രതിനിധികളെ പങ്കെടുപ്പിച്ച് തൃശൂര്‍ മുളങ്കുന്നത്തുകാവിലെ കില ആസ്ഥാനത്ത് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, ശുചിത്വ മിഷന്‍ ജില്ല അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 110 പേര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഗ്രന്ഥശാല സംഘവും കിലയും സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാല ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി വി. കെ. മധു ഉദ്ഘാടനം ചെയ്തു.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനില്‍ ഗ്രന്ഥശാലകള്‍ക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്നും വിജ്ഞാനകേന്ദ്രങ്ങളെന്ന പോലെ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി ഗ്രന്ഥശാലകള്‍ മാറണമെന്നും വി. കെ. മധു പറഞ്ഞു. നവകേരളം കര്‍മപദ്ധതി സംസ്ഥാന അസി. കോര്‍ഡിനേറ്റര്‍ ടി. പി. സുധാകരന്‍ ചടങ്ങില്‍ അധ്യക്ഷനായി. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ഹരിതകേരളം മിഷന്‍ പ്രോജക്ട് ഓഫീസര്‍മാരായ പി. അജയകുമാര്‍, വി. രാജേന്ദ്രന്‍ നായര്‍, യംഗ് പ്രൊഫഷണല്‍ സൂര്യ എസ്. ബി. എന്നിവര്‍ ശില്‍പശാല സെഷനുകളില്‍ അവതരണങ്ങള്‍ നടത്തി.
ഹരിത ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങളില്‍ ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കല്‍, പ്രാദേശികമായി നടത്താന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ഗ്രന്ഥശാലയ്ക്കടുത്തുള്ള പൊതു ഇടങ്ങളുടെ സൗന്ദര്യവല്‍ക്കരണം, ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ വീടുകള്‍ ഹരിത മാതൃകയാക്കല്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് ഹരിത ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കുന്ന ഗ്രന്ഥശാലകളെ ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിലയിരുത്തി ഹരിത ഗ്രന്ഥശാല സാക്ഷ്യപത്രം നല്‍കും. ഇതിന്റെ ഭാഗമായി ഫെബ്രുവരി മൂന്നാം വാരത്തില്‍ ജില്ലാതല പരിശീലനവും മാര്‍ച്ച് മാസം താലൂക്ക്ഗ്രന്ഥശാല ശില്‍പശാലയും സംഘടിപ്പിക്കും. ഗ്രന്ഥശാലകള്‍ സംഘടിപ്പിക്കുന്ന ക്ലാസുകള്‍ക്ക് പുറമേ വീട്ടുമുറ്റ ക്ലാസുകളും നടത്തും.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് ക്ലാസുകള്‍ വ്യാപിപ്പിക്കും. 2025 മാര്‍ച്ച് 30നകം സംസ്ഥാനത്തെ എല്ലാ ഗ്രന്ഥശാലകളെയും ഹരിത ഗ്രന്ഥശാല പദവിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.