കേരളത്തിലെ 200 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സിലെ ദേശീയ ആരോഗ്യ സര്‍വീസില്‍ നിയമനം ലഭിക്കും

കഴിഞ്ഞവര്‍ഷം വെയില്‍സ് സര്‍ക്കാരും കേരള സര്‍ക്കാരും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം.

 

തിരുവനന്തപുരം: വെയില്‍സിലെ ദേശീയ ആരോഗ്യ സര്‍വീസില്‍ ചേരാന്‍ കേരളത്തില്‍ നിന്ന് 200 നഴ്‌സുമാരെയും ഡോക്ടര്‍മാരെയും കൂടി റിക്രൂട്ട് ചെയ്യും. ഇതിന്റെ ഭാഗമായി വെയില്‍സ് ആരോഗ്യ സാമൂഹ്യ പരിരക്ഷ കാബിനറ്റ് സെക്രട്ടറി ജെറമി മൈല്‍സ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞവര്‍ഷം വെയില്‍സ് സര്‍ക്കാരും കേരള സര്‍ക്കാരും തമ്മില്‍ ഉണ്ടാക്കിയ കരാറിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം. വെയില്‍സും കേരളവും തമ്മിലുള്ള പ്രവര്‍ത്തന ബന്ധം കൂടുതല്‍ വിപുലമാക്കുമെന്നും ശക്തിപ്പെടുത്തുമെന്നും ആരോഗ്യ സെക്രട്ടറി ജെറമി മൈല്‍സ് അറിയിച്ചു.

വെയില്‍സിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ നിലവില്‍ 97,000 മുഴുവന്‍ സമയ ജീവനക്കാരാണുള്ളത്. വെയില്‍സ് ഗവണ്‍മെന്റ് നിലവിലെ തൊഴില്‍ ശക്തിയില്‍ നിക്ഷേപിക്കുന്നത് തുടരാനും ഭാവിയിലെ എന്‍എച്ച്എസ് തൊഴിലാളികളെ പരിശീലിപ്പിക്കാനും പ്രതിജ്ഞാബദ്ധരാണ്.കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നതിലൂടെ ആരോഗ്യസംരക്ഷണ സംവിധാനത്തെ സമ്പന്നമാക്കുന്ന വൈദഗ്ധ്യവും അനുഭവവുമുള്ളവരുടെ അനുഭവ സമ്പത്ത് വെയില്‍ എന്‍ എച്ച് എസിന് ലഭ്യമാകും.2024 മാര്‍ച്ചില്‍ കരാര്‍ ഒപ്പിട്ടതിനുശേഷം കേരളത്തില്‍ നിന്ന് 300ലധികം ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകള്‍ക്ക് എന്‍എച്ച്എസ് വെയില്‍സില്‍ നിയമനം ലഭിച്ചിട്ടുണ്ട്. വെല്‍ഷ് ആരോഗ്യ സാമൂഹ്യ പരിരക്ഷ ക്യാബിനറ്റ് സെക്രട്ടറി ജെറമി മൈല്‍സ് വെയില്‍സിലേക്ക് നിയമനം ലഭിച്ച ജീവനക്കാരെ കാണുകയും എന്‍എച്ച്എസ് വെയില്‍സിന് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

 

 

Spread the love