ഉച്ചകോടിയില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായ, അക്കാദമിക്, ഗവേഷണ രംഗത്തുനിന്നായി 10,000ത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
കൊച്ചി: കേരളത്തിന്റെ പ്രവാസി ജനസംഖ്യയെ ഫലപ്രദമായി ഉപയോഗിച്ചാല്‍ മെഡിക്കല്‍ വാല്യൂ ട്രാവല്‍ (ആരോഗ്യ ടൂറിസം) രംഗത്ത് നിന്ന് സംസ്ഥാനത്തിന് വന്‍ വരുമാനം നേടാനാകുമെന്ന് വിദഗ്ദ്ധര്‍. കേരള ആരോഗ്യ ടൂറിസം, ആഗോള ആയുര്‍വേദ ഉച്ചകോടി എക്‌സ്‌പോ സമാപനത്തോടനുബന്ധിച്ചാണ് വിദഗ്ദ്ധര്‍ ഈ സാധ്യതകള്‍ ചൂണ്ടിക്കാട്ടിയത്.
അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഉച്ചകോടിയില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. വ്യവസായ, അക്കാദമിക്, ഗവേഷണ രംഗത്തുനിന്നായി 10,000ത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ വാല്യൂ ട്രാവല്‍ (എം.വി.ടി) മേഖലയില്‍ ലോകമെമ്പാടും വലിയ വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. കേരളം ഈ സാധ്യതയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഉപയോഗിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം ഓരോ മാസവും ഏകദേശം 1,500 രോഗികള്‍ ഇന്ത്യയില്‍ ചികിത്സയ്ക്കായി എത്തുന്നു. ഇതില്‍ നല്ലൊരു പങ്കിനെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ആര്‍.ജി.എ. റീഇന്‍ഷുറന്‍സ് കമ്പനി മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഡോ. ഡെന്നിസ് സെബാസ്റ്റ്യന്‍ പറഞ്ഞു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2024ല്‍ ഏകദേശം 7.4 ലക്ഷം വിദേശ പൗരന്മാര്‍ വൈദ്യവെല്‍നസ് ആവശ്യങ്ങള്‍ക്കായി കേരളം സന്ദര്‍ശിച്ചു. ഇതില്‍ 6070% പേരും തിരഞ്ഞെടുത്തത് ആയുര്‍വേദ ചികിത്സയാണ്. 2024ല്‍ ആയുര്‍വേദ മെഡിക്കല്‍ ടൂറിസം വഴി മാത്രം സംസ്ഥാനത്തിന് 13,500 കോടി രൂപയുടെ വരുമാനം ലഭിച്ചു (മുന്‍വര്‍ഷം ഇത് 10,800 കോടി രൂപയായിരുന്നു). ആധുനിക ചികിത്സാ ടൂറിസം വഴി കേരളത്തിന് പ്രതിമാസം ഏകദേശം 40 കോടി രൂപയും (വാര്‍ഷിക വരുമാനം 480 കോടി രൂപ) ലഭിക്കുന്നുണ്ട്. മാലിദ്വീപ്, ഒമാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ജപ്പാന്‍, മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എം.വി.ടി.കള്‍ കൂടുതലായി കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന് ശ്രീധരീയം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഹരി എന്‍. നമ്പൂതിരി പറഞ്ഞു. ജെ.സി.ഐ., എന്‍.എ.ബി.എച്ച്. അംഗീകാരമുള്ള ഉയര്‍ന്ന നിലവാരമുള്ള ആശുപത്രികള്‍, കുറഞ്ഞ ചികിത്സാ ചെലവ്, ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വേദവും തമ്മിലുള്ള സംയോജനം, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയുള്ള എളുപ്പത്തിലുള്ള വിമാന മാര്‍ഗ്ഗം എന്നിവയാണ് കേരളത്തിന്റെ പ്രധാന നേട്ടങ്ങളെന്ന് ആസ്റ്റര്‍ മെഡിസിറ്റി സി.ഇ.ഒ. ഡോ. നളന്ദ ജയദേവ് വ്യക്തമാക്കി. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ടി.പി.എ. സര്‍വീസസ് വൈസ് പ്രസിഡന്റ് ഡോ. സ്വരൂപ് വാസെ, ലിവ ഇന്‍ഷുറന്‍സ് മേധാവി ഡോ. സുശാന്ത് കുമാര്‍, മണിപ്പാല്‍ സിഗ്‌ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ബിസിനസ് ഓപ്പറേഷന്‍സ് മേധാവി ഡോ. ആശിഷ് യാദവ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഉച്ചകോടിയുടെ സമാപനം മലേഷ്യന്‍ കോണ്‍സുല്‍ ജനറല്‍ കെ. ശരവണ കുമാര്‍ ഉദ്ഘാടനം ചെയ്തു.

