ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ രംഗത്തും കേരളത്തില്‍ നിക്ഷേപം നടത്താന്‍ ന്യുജേഴ്‌സി ഭരണകൂടം മുഖ്യമന്ത്രി പിണറായി വിജയനോട് താല്‍പ്പര്യം അറിയിച്ചു.
കൊച്ചി: കേരളത്തിലേക്ക് നിക്ഷേപം നടത്താന്‍ താല്‍പ്പര്യം അറിയിച്ച് ന്യൂജേഴ്‌സി ഗവര്‍ണര്‍ ഫിലിപ്പ് ഡി മര്‍ഫി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം ഊട്ടിയുറപ്പിക്കാന്‍ കൂടിക്കാഴ്ച ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ബിസിനസ് പാര്‍ട്ടണര്‍ഷിപ്പ് മീറ്റിലും അത്താഴ വിരുന്നിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വിശേഷിച്ച് കേരളത്തില്‍ നിക്ഷേപം നടത്താന്‍ അനുയോജ്യമായ സമയത്താണ് കേരളത്തിലേക്ക് സന്ദര്‍ശനം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ രംഗത്തും കേരളത്തില്‍ നിക്ഷേപം നടത്താന്‍ ന്യുജേഴ്‌സി ഭരണകൂടം മുഖ്യമന്ത്രി പിണറായി വിജയനോട് താല്‍പ്പര്യം അറിയിച്ചു. കേരളം നിക്ഷേപ സംസ്ഥാനമാണ്, മുഖ്യമന്ത്രി പിണറായി വിജയന്‍ കരുത്തനായ ഭരണാധികാരിയാണെന്നും അദ്ദേഹം പ്രശംസിച്ചു. ന്യുജേഴ്‌സിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള സാധ്യതകള്‍ വിപുലമാണ്. ഇന്ത്യക്കാര്‍ക്കായി തന്റെ കാലത്ത് 3000ത്തിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. കുടുതല്‍ തൊഴില്‍ സാധ്യത ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്ത് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യുജേഴ്‌സി സര്‍ക്കാരിനെ നിക്ഷേപം നടത്താന്‍ കേരളത്തിലേക്ക് ക്ഷണിച്ചാണ് മുഖ്യമന്ത്രി പ്രസംഗം തുടര്‍ന്നത്. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയത്താണ് ഗവര്‍ണര്‍ മര്‍ഫി ഇവിടേക്ക് എത്തിയതെന്നും നാല് വിമാനത്താവളങ്ങളും അതിനോടൊപ്പം തന്നെ ആധുനികവല്‍ക്കരിച്ച തുറമുഖങ്ങളുമായി രാജ്യത്തിന് തന്നെ മാതൃകയായി കേരളം കുതിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യുജേഴ്‌സി ഭരണകൂടത്തേയും സംരംഭകരേയും കേരളത്തിലേക്ക് എല്ലാ സമയത്തും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി ബിസിനസ് പാര്‍ട്ടണര്‍ഷിപ്പ് മീറ്റില്‍ സ്വാഗതം ആശംസിച്ചു. കേരളത്തിലേക്ക് നിക്ഷേപം നടത്താനുള്ള ന്യുജേഴ്‌സി സര്‍ക്കാരിന്റെ ശ്രമങ്ങളെ എം.എ യൂസഫലി പ്രശംസിച്ചു. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയാണ് കേരളം ഭരിക്കുന്നതെന്നും അഞ്ച് ബില്യന്‍ സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകുന്നതാണ് കേരളത്തിന്റെ സമസ്ത മേഖലയിലുമുള്ള വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ നൈപുണ്യരായ യുവജനതയും നിക്ഷേപ സൗഹൃദമുള്ള കേരളത്തിന്റെ കാലാവസ്ഥയും വ്യവസായ സംരംഭങ്ങള്‍ക്ക് കരുത്തേകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള തലത്തില്‍ കാര്‍ഷിക മേഖലയിലും, ഫുഡ് പ്രോസസിങ്ങ് മേഖലയിലും ലുലു നിക്ഷേപം നടത്തുകയാണ്. ഇന്‍ഫ്രാസ്ട്രച്ചര്‍, ഉന്നതവിദ്യാഭ്യാസം, എന്നീ മേഖലയില്‍ കേരള സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയും അദ്ദേഹം അറിയിച്ചു. ചടങ്ങില്‍ ഗവര്‍ണര്‍ ഫിലിപ്പ് ഡി മര്‍ഫിയുടെ ഭാര്യ താമി മര്‍ഫി, വ്യവസായ മന്ത്രി പി രാജീവ്, മേയര്‍ എം. അനില്‍കുമാര്‍, ന്യൂജേഴ്‌സി സര്‍ക്കാരിന്റെ പ്രതിനിധികള്‍, സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത തല ഉദ്യോഗസ്ഥര്‍, രാജ്യത്തെ ബിസിനസ് സംരംഭകര്‍, മാധ്യമസ്ഥാപന മേധാവികള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.

