എന്‍.ഡി.എയുടെ സംസ്ഥാനത്തെ ആദ്യ സ്ഥാനാര്‍ത്ഥിയെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചതെന്നും തര്‍ക്കങ്ങളില്ലാതെ 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു
കൊച്ചി: സംവരണ മണ്ഡലമായ കുന്നത്തുനാട് പിടിക്കാന്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് എന്‍.ഡി.എ. സഖ്യം. അടൂര്‍ മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ബാബു ദിവാകരനെയാണ് ഇന്നലെ കുന്നത്തുനാട്ടില്‍ നടന്ന നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ട്വന്റി20 സംസ്ഥാന പ്രസിഡന്റ് സാബു എം.ജേക്കബ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ചക്കയാണ് ട്വന്റി20യുടെ തിരഞ്ഞെടുപ്പ് ചിഹ്നം. കുന്നത്തുനാട്ടിലെ ഇടത് വലത് എംഎല്‍എമാര്‍ കോടീശ്വരന്മാരായിരിക്കെ സ്വന്തമായി കിടപ്പാടമില്ലാത്ത സ്ഥാനാര്‍ത്ഥിയെയാണ് എന്‍.ഡി.എ അവതരിപ്പിക്കുന്നതെന്ന് സാബു ജേക്കബ് പറഞ്ഞു. 2006 ല്‍ മത്സരിക്കുമ്പോള്‍ കേവലം നാല് ലക്ഷമായിരുന്നു പി.വി.ശ്രീനിജന്റെ സ്വത്ത്. 2021ല്‍ 18 കോടിയയായി ഉയര്‍ന്നു. യാതൊരു തൊഴിലും ചെയ്യാതെ കോടികള്‍ സമ്പാദിക്കുന്ന മാജിക്ക് കുന്നത്തുനാട്ടിലെ യുവജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാല്‍ അവര്‍ വിദേശത്ത് തൊഴില്‍ തേടി പോകില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു.എന്‍.ഡി.എയുടെ സംസ്ഥാനത്തെ ആദ്യ സ്ഥാനാര്‍ത്ഥിയെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചതെന്നും തര്‍ക്കങ്ങളില്ലാതെ 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കുന്നത്തുനാട്ടിലെ എന്‍.ഡി.എയുടെ പ്രചരണത്തിന്റെ ഉദ്ഘാടനം സ്ഥാനാര്‍ത്ഥിക്കൊപ്പം ചുവരെഴുതി രാജീവ് ചന്ദ്രശേഖര്‍ നിര്‍വ്വഹിച്ചു. ഇലക്ഷന് കണ്‍വെന്‍ഷനില്‍ ബോബി ജേക്കബ്, പി.പി.സജീവ്, വി.എന്‍.വിജയന്, എ.ബി.ജയപ്രകാശ്, വി.ഗോപകുമാര്‍, കെ.എസ്.അഭിലാഷ്, ജിബി അബ്രാഹം, അരുണ്‍ കുമാര്‍, അരുണ്‍ പി.മോഹന്‍, ഡോ.ഷമീര്‍ മുഹമ്മദ്, കെ.ചന്ദ്രമോഹന്, സരള പൗലോസ് , കുരുവിള മാത്യൂസ്, മനോജ് മനക്കേക്കര, സുചീന്ദ്രന് എന്നിവരും പ്രസംഗിച്ചു.

