. സംരംഭകരുടെ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്നതും, ചിലവ് കുറഞ്ഞതും, ഭാവിക്കനുയോജ്യവുമായ ഫ്ലെക്സിബിള്‍ തൊഴിലിടങ്ങള്‍ കൊച്ചിയില്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
കൊച്ചി: സ്റ്റാര്‍ട്ടപ്പുകള്‍, സൂക്ഷ്മ,ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവയുടെ മാറിക്കൊണ്ടിരിക്കുന്ന തൊഴിലിട ആവശ്യങ്ങള്‍ ഫലപ്രദമായി മനസ്സിലാക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) കൊച്ചിയില്‍ ‘വര്‍ക്ക്സ്പേസ് ഡിമാന്‍ഡ് സര്‍വ്വേ’ ആരംഭിച്ചു. സംരംഭകരുടെ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്നതും, ചിലവ് കുറഞ്ഞതും, ഭാവിക്കനുയോജ്യവുമായ ഫ്ലെക്സിബിള്‍ തൊഴിലിടങ്ങള്‍ കൊച്ചിയില്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വളരുന്നതിനൊപ്പം തൊഴിലിടങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും ആവശ്യങ്ങളും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഒറ്റയാള്‍ സംരംഭങ്ങളില്‍ നിന്ന് വലിയ ടീമുകളിലേക്കുള്ള വളര്‍ച്ചയില്‍ സഹായകമാകുന്ന, പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളാണ് വര്‍ത്തമാനകാല ആവശ്യം.
നിലവിലെ തൊഴിലിടങ്ങളുടെ രീതി, ഭാവിയിലെ ആവശ്യങ്ങള്‍, കോവര്‍ക്കിംഗ് സ്പേസുകള്‍, സ്വകാര്യ ഓഫീസുകള്‍, ഇന്‍കുബേഷന്‍ സ്പേസുകള്‍ തുടങ്ങിയവയില്‍ ഏതാണ് അഭികാമ്യമെന്ന് സര്‍വേയിലൂടെ അറിയാനാകും. അതിവേഗ ഇന്റര്‍നെറ്റ്, പ്രോട്ടോടൈപ്പിംഗ് സൗകര്യങ്ങള്‍, മീറ്റിംഗ് റൂമുകള്‍ തുടങ്ങിയ സൗകര്യങ്ങളുടെ ആവശ്യകത തുടങ്ങിയവയെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് സര്‍വ്വേയിലൂടെ തേടുന്നത്.സര്‍വ്വേയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കൊച്ചിയില്‍ വരാനിരിക്കുന്ന പുതുതലമുറ സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളുടെ ആസൂത്രണവും വികസനവും നടപ്പിലാക്കുക. സംരംഭകര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഇത് സഹായിക്കും. സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാര്‍ത്ഥി സംരംഭകര്‍, ഫ്രീലാന്‍സര്‍മാര്‍, ചെറുകിട സംരംഭകര്‍ എന്നിവര്‍ അവസരം പ്രയോജനപ്പെടുത്തി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന് അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ സംരംഭകത്വ മേഖലയെ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും സര്‍വ്വേയില്‍ പങ്കെടുക്കാം.

