2025 ഡിസംബര്‍ അഞ്ചിന് കൊല്ലം കൊട്ടിയത്തിനടുത്ത് ദേശീയ പാത 66ല്‍ മൈലക്കാടാണ് അപകടമുണ്ടായത്. കൊല്ലം കടമ്പാട്ടുകോണം പദ്ധതിപ്രദേശത്താണ് റീഇന്‍ഫോഴ്‌സ്ഡ് സോയില്‍ (ആര്‍എസ്) മതില്‍ തകര്‍ന്നത്.
ന്യൂഡല്‍ഹി: നിര്‍മാണത്തിനിടെ ദേശീയ പാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ച് ദേശീയ പാത അതോറിറ്റി (NHAI). 2025 ഡിസംബര്‍ അഞ്ചിന് കൊല്ലം കൊട്ടിയത്തിനടുത്ത് ദേശീയ പാത 66ല്‍ മൈലക്കാടാണ് അപകടമുണ്ടായത്. കൊല്ലം കടമ്പാട്ടുകോണം പദ്ധതിപ്രദേശത്താണ് റീഇന്‍ഫോഴ്‌സ്ഡ് സോയില്‍ (ആര്‍എസ്) മതില്‍ തകര്‍ന്നത്. വാഹനങ്ങള്‍ക്കായുള്ള അടിപ്പാതയിലേക്കുള്ള 9.4 മീറ്റര്‍ ഉയരമുള്ള മതിലിന്റെ ഭാഗത്താണു തകര്‍ച്ചയുണ്ടായത്. പ്രാഥമിക വിലയിരുത്തലുകള്‍ സൂചിപ്പിക്കുന്നത്, ഘടനയെ താങ്ങിനിര്‍ത്താന്‍ അടിത്തറയിലെ മണ്ണിന് കഴിയാത്തതിനാല്‍ ആഴത്തിലുള്ള വിള്ളലോ ഭാരംവഹിക്കാനുള്ള ശേഷിയിലെ പരാജയമോ ആണ് തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, ഈ മേഖലയുടെ നിര്‍മാണത്തിലെ കരാറുകാരായ ശിവാലയ കമ്പനിയെയും സ്വതന്ത്ര എന്‍ജിനിയറിങ് കമ്പനിയായ ഫീഡ്ബാക്ക്‌സത്രയെയും ഭാവിപദ്ധതികള്‍ക്കുള്ള ലേലത്തില്‍നിന്നു താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. ശിവാലയക്കു മൂന്നുവര്‍ഷം വരെയും ഫീഡ്ബാക്ക് സത്രയ്ക്കു രണ്ടുവര്‍ഷം വരെയും വിലക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന മുന്നറിയിപ്പോടെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ പിഴ ചുമത്തല്‍ നടപടികളും ആരംഭിച്ചു. കൂടാതെ, ശിവാലയയുടെ പ്രോജക്ട് മാനേജരെയും ഫീഡ്ബാക്ക്‌സത്രയുടെ റെസിഡന്റ് എന്‍ജിനിയര്‍മാരെയും പദ്ധതിയില്‍നിന്ന് അടിയന്തരമായി നീക്കംചെയ്തു. ആര്‍എസ് വാള്‍ സാങ്കേതികവിദ്യ ഏറെക്കാലമായി നിലവിലുള്ളതും വ്യാപകമായി ഉപയോഗത്തിലുള്ളതുമാണെങ്കിലും, എന്‍.എച്ച് 66ലെ അടുത്തിടെയുണ്ടായ തകര്‍ച്ചകള്‍ മണ്ണിന്റെ ഭാരംവഹിക്കല്‍ ശേഷിയെയും നിര്‍മാണ ഗുണ നിലവാരത്തെയും കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍, ദേശീയ പാത അതോറിറ്റി സമഗ്ര കര്‍മപദ്ധതിക്കു തുടക്കം കുറിച്ചു.
തകര്‍ച്ചയുടെ കാരണങ്ങള്‍ നിര്‍ണയിക്കാനും തിരുത്തല്‍ നടപടികള്‍ ശുപാര്‍ശ ചെയ്യാനുമായി ഡോ. ജിമ്മി തോമസ് (ഐ.ഐ.ടി കാണ്‍പുര്‍), ഡോ. ടി.കെ. സുധീഷ് (ഐ.ഐ.ടി പാലക്കാട്) എന്നിവരടങ്ങുന്ന ഉന്നതതല വിദഗ്ദ്ധ സമിതി 2025 ഡിസംബര്‍ ആറിനു മൈലക്കാട്ടെ സംഭവസ്ഥലം പരിശോധിച്ചു. കൂരിയാടു സംഭവത്തിനുശേഷം നേരത്തേ രൂപവല്‍ക്കരിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശകള്‍ ഇതിനകം നടപ്പാക്കിവരികയാണ്. ഇതിനുപുറമെ, കേരളത്തില്‍ ദേശീയ പാത 66ലെ 18 പദ്ധതികളിലെ 378 ആര്‍എസ് മതിലുകളിലും മറ്റു നിര്‍മിതികളിലുമായി മണ്ണിന്റെ സമഗ്ര പരിശോധനയും പഠനങ്ങളും നടത്തുന്നതിനായി ദേശീയ പാത അതോറിറ്റി 18 ഭൗമസാങ്കേതിക ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ട്. പൂര്‍ത്തിയായതും നടന്നുകൊണ്ടിരിക്കുന്നതും, നിര്‍ദേശിച്ചിട്ടുള്ളതുമായ ജോലികള്‍ ഈ പരിശോധനയില്‍ ഉള്‍പ്പെടുത്തും. മൂന്നു മാസത്തിനുള്ളില്‍ ഘട്ടംഘട്ടമായി ഇതു പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, എല്ലാ ആര്‍എസ് മതില്‍ രൂപകല്‍പ്പനയും സമഗ്രമായി അവലോകനം ചെയ്യും. ആവശ്യമെങ്കില്‍ പൊളിക്കലും പുനര്‍നിര്‍മാണവും ഉള്‍പ്പെടെയുള്ള പരിഹാരനടപടികള്‍ സ്വീകരിക്കും. ഗുണനിലവാരവും സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പിച്ചതിനുശേഷമേ ആര്‍എസ് മതിലുകള്‍ക്ക് അംഗീകാരമേകൂ. കൂടാതെ, മറ്റ് എന്‍.എച്ച് 66 പദ്ധതികളില്‍ RITES ന്റെ നേതൃത്വത്തിലുള്ള സുരക്ഷാ ഓഡിറ്റുകള്‍ വിപുലപ്പെടുത്തുകയും, സാധ്യതയുള്ള അപകടങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

