ജനപ്രതിനിധികളുടെ അഴിമതിക്ക് കൂട്ട് നില്‍ക്കില്ല ; കെ.ജി.എം.ഒ.എ

ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കണമെന്നും ഡോ.വിമലയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശ നിയമ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കൊച്ചി :  വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ അഴിമതിക്ക് കൂട്ട് നില്‍ക്കാനാവില്ലെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസ്സോസിയോഷന്‍ ( കെ.ജി.എം.ഒ.എ ) ഭാരവാഹികള്‍ പറഞ്ഞു.  ഗോശ്രീ ഐലന്റ് ഡവലപ്പ്‌മെന്റ് അതോറിറ്റിയാണ് (ജിഡ) അഞ്ച് കോടി 95 ലക്ഷം രൂപ മുടക്കി ഞാറക്കല്‍ താലൂക്ക് ആശുപത്രി കെട്ടിടം പണികഴിപ്പിച്ചത്. ഒരു ലക്ഷത്തിന് മുകളില്‍ ചിലവ് വരുന്ന ജോലിക്ക് ഗവണ്മെന്റ് നിയമപ്രകാരം ടെന്‍ഡര്‍ വിളിക്കണം.ടെന്‍ഡറുകള്‍ ജനറല്‍ കമ്മിറ്റി അംഗീകരിച്ച് പാസ്സാക്കണം. തുടര്‍ന്ന് കരാറുകാരന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കണം. അപ്രകാരം  ജോലി പൂര്‍ത്തീകരിച്ച് നല്‍കുന്ന ബില്ലുകള്‍ മാത്രമേ തുക പാസാക്കി നല്‍കാന്‍ ചട്ടം അനുവദിക്കുന്നുള്ളു.
ജിഡയുടെ മേല്‍നോട്ടത്തില്‍ പൊതുമരാമത്ത് വകുപ്പ്  പണികഴിപ്പിച്ച കെട്ടിടത്തിന്റെ പ്ലാന്‍ വരച്ചു എന്ന് അവകാശപ്പെട്ട് ഒരു സ്വകാര്യ ഏജന്‍സി ബ്ലോക്ക് പഞ്ചായത്തിന് രണ്ട് ലക്ഷത്തിനാല്‍പതിനായിരം രൂപയുടെ ബില്ല് സമര്‍പ്പിച്ചു.

നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്തതിനാല്‍ പ്രസ്തുത തുക നല്‍കാനാവില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിലപാടെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബില്ല് നിരസിച്ചപ്പോള്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയില്‍ നിന്നും തുക നല്‍കണമെന്ന് ഭരണ സമിതി അംഗങ്ങള്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി കൂടിയായ ആശുപത്രി സൂപ്രണ്ട് ഡോ.എം.കെ.വിമലയോട് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ചൂണ്ടിക്കാണിച്ച അതേ കാരണങ്ങളാല്‍ തുക നല്‍കാനാവില്ലെന്ന് നിലപാടെടുത്ത ഡോ.വിമലയെ ഭരണ സമിതി അംഗങ്ങള്‍ ഒന്നടങ്കം ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. ദേഹാസ്വാസ്ത്യം അനുഭവപ്പെട്ട ഡോ. എം.കെ.വിമല എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ്. പൊതുഖജനാവിലെ പണം തട്ടിച്ചെടുക്കാനുള്ള ജനപ്രതിനിധികളുടെ ആവശ്യം ധീരതയോടെ നിരാകരിച്ച ഡോ. വിമലയെ കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കണമെന്നും ഡോ.വിമലയെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശ നിയമ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു