എറണാകുളം ജനറല്‍ ആശുപത്രിക്കെതിരെ വ്യാജ പ്രചാരണം; സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കെ.ജി.എം.ഒ.എ

നിജസ്ഥിതി മനസ്സിലാക്കാതെ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരം വാർത്തകൾ സർക്കാർ ആതുരാലയങ്ങൾക്കെതിരെ അനാവശ്യഭീതി പരത്തുക മാത്രമല്ല, രാവും പകലും ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കാനും അവഹേളിക്കപ്പെടാനും ഇടയാക്കുന്നതിനും മാത്രമേ സഹായിക്കൂ :കെ.ജി.എം.ഒ.എ

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റില്‍ നൂല് മറന്നുവെച്ച് തുന്നിക്കെട്ടിയെന്ന് പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും വ്യക്തമായ അന്വേഷണമോ ജാഗ്രതയോ കൂടാതെ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം .ഒ.എ) എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.ടി. സുധാകര്‍, സെക്രട്ടറി ഡോ. കാര്‍ത്തിക് ബാലചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ശസ്ത്രക്രിയ വിഭാഗത്തിന്റെ ദീര്‍ഘകാല അന്താരാഷ്ട്ര രീതികളുടെ ഭാഗമായി, ഉദരപേശി (ഫാസിയ) ശക്തിപ്പെടുത്തുന്നതിനും ഹെര്‍ണിയ പോലുള്ള ബുദ്ധിമുട്ടുകള്‍ തടയുന്നതിനും പ്രോലൈന്‍ പോലുള്ള നോണ്‍ അബ്‌സോറബിള്‍ സ്യൂച്ചര്‍ (ശരീരം സ്വയം വിഘടിക്കാത്ത തുന്നല്‍ നൂല്‍) ഉപയോഗിക്കുന്നത് സ്ഥിരമായി ശുപാര്‍ശ ചെയ്യുന്ന ശസ്ത്രക്രിയാ പ്രോട്ടോക്കോളാണ്. അല്ലാതെ പിഴവോ മറവിയോ അല്ല. ശസ്ത്രക്രിയാസമയത്ത് ഇത്തരം നൂല്‍ പ്രയോഗിക്കുന്നത് ശാരീരിക സുരക്ഷയ്ക്കും ദീര്‍ഘകാല ഫലപ്രാപ്തിക്കും ആവശ്യമാണെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ വ്യക്തമാക്കി. വളരെ അപൂര്‍വമായി ചില രോഗികളില്‍ നോണ്‍ അബ്‌സോറബിള്‍ നൂലിനെതിരെ ശരീരം പ്രതികരിക്കാറുണ്ട് . ഇത്തരം സാഹചര്യത്തില്‍ വൈദ്യപരമായി കൃത്യമായി തിരിച്ചറിയുകയും അനുയോജ്യമായ രീതിയില്‍ മാനേജ് ചെയ്യുന്നതും ശസ്ത്രക്രിയാവിഭാഗത്തിന്റെ ഉത്തരവാദിത്വത്തിലാണ്. ഇത് ഒരിക്കലും ഡോക്ടര്‍മാരുടെ പിഴവോ പ്രായോഗിക വീഴ്ചയോ അല്ലെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ വ്യക്തമാക്കി.

വാസ്തവമിതായിരിക്കെ ‘നൂല്‍ മറന്നുവെച്ചു’ എന്ന തരത്തില്‍ സര്‍ക്കാര്‍ ആതുരാലയങ്ങള്‍ക്കെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം പൊതുസമൂഹം തിരിച്ചറിയണമെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ മേഖലയില്‍ ഡോക്ടര്‍മാരുടെ കുറവ് നേരിടുമ്പോഴും അത് അവഗണിച്ചുകൊണ്ട് രാവും പകലും ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കാനും അവഹേളിക്കപ്പെടാനും മാത്രമെ ഇത്തരം പ്രചാരണങ്ങള്‍ സഹായിക്കു. വാര്‍ത്തകള്‍ നല്‍കുന്നതിന് മുമ്പ് മധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തയുടെ നിജ സ്ഥിതി ബന്ധപ്പെട്ട ഡോക്ടര്‍മാരോട് തേടിയാല്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ സാധിക്കും. സമീപ ദിവസങ്ങളില്‍ മാത്രം ആരോഗ്യവകുപ്പ് സ്ഥാപനങ്ങള്‍ക്കെതിരെ ഉണ്ടായ സമാന സ്വഭാവമുള്ള ഏഴാമത്തെ സംഭവമാണിത്. ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ യുക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും കെ.ജി.എം.ഒ.എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു