ആരോഗ്യമന്ത്രി ഇടപെട്ടില്ലെങ്കില്‍ ഹജ്ജ് യാത്ര അവതാളത്തിലാകും
കൊച്ചി: എറണാകുളം ജില്ലാ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ പ്രോഗ്രാം മാനേജര്‍ (ഡിപിഎം) ഡോ.ശിവപ്രസാദിനെതിരെ നടപടിയെടുക്കാത്ത അധികൃതര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ). ഹജ്ജ് വാക്‌സിനേഷന്‍ ഉള്‍പ്പെടെയുള്ള ഹജ്ജ് ഡ്യൂട്ടിബഹിഷ്‌കരിക്കുമെന്ന് കെ.ജി.എം.ഒ.എ എറണാകുളം ജില്ലാ കമ്മിറ്റി വ്യക്തമാക്കിയതോടെ എറണാകുളത്ത് നിന്നുള്ള ഹജ്ജ് തീര്‍ഥാടകരുടെ യാത്ര അവതാളത്തിലാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹജ്ജ് വാക്‌സിനേഷന്‍ നടത്താതെ തീര്‍ഥാടകര്‍ക്ക് ഹജ്ജിന് പോകാന്‍ കഴിയില്ല. ഡിപിഎം ഡോ. ശിവപ്രസാദിന്റെ ധിക്കാരപരമായ നിലപാടിനെതിരെ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിക്കെതിരെ മുഖം തിരിക്കുന്ന സമീപനം ഇനിയും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെ.ജിഎം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. ടി.സുധാകര്‍, സെക്രട്ടറി ഡോ.കാര്‍ത്തിക് ബാലചന്ദ്രന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
വനിതാ ഡോക്ടര്‍മാരോടുള്ള ഡിപിഎം ഡോ. ശിവപ്രസാദിന്റെ അവഹേളനപരമായ പെരുമാറ്റവും സാമൂഹ്യ മാധ്യമങ്ങള്‍ വഴി അവരെ അപകീര്‍ത്തിപ്പെടുത്തുന്നരീതിയിലുള്ള പ്രചാരണവും അതിരുകടന്നതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് 2025 മാര്‍ച്ച് ഏഴ് മുതല്‍ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ ആശുപത്രിയിലെ രോഗീപരിചരണമൊഴികെയുള്ള യാതൊരു വിധ അധികചുമതലകളും എടുക്കാതെ പൂര്‍ണ്ണ നിസ്സഹകരണത്തിലാണ്. അന്നുമുതല്‍ ജില്ലയിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിട്ടും ഡോ.ശിവപ്രസാദിനെ ഡിപിഎം സ്ഥാനത്ത് നിന്നു മാറ്റാതെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും ആരോഗ്യവകുപ്പും സ്വീകരിക്കുന്നത്. സ്വന്തം ആരോഗ്യം പോലും മറന്ന് സമുഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനായി രാപ്പകല്‍ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ പരാതി മുഖവിലയ്ക്കാതെ അധികൃതര്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്.ഡോ.ശിവപ്രസാദിനെ ഡിപിഎം സ്ഥാനത്ത് നിന്നും മാറ്റുന്നതുവരെ കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ യാതൊരു വിധ അധികച്ചുമതലകളും സ്വീകരിക്കില്ലെന്നും അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ വ്യക്തമാക്കി.