അവശ്യസാധനവിലക്കയറ്റം:  ഹോട്ടല്‍ ഭക്ഷണവില വര്‍ദ്ധിപ്പിക്കുമെന്ന് കെ.എച്ച്.ആര്‍.എ.

വെളിച്ചെണ്ണ, തേങ്ങ, ബിരിയാണിഅരിയടക്കമുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്.

കൊച്ചി: നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ഇതേരീതിയില്‍ തുടര്‍ന്നാല്‍ ഹോട്ടലുടമകള്‍ക്ക് ഭക്ഷണവില വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റിയോഗം. വെളിച്ചെണ്ണ, തേങ്ങ, ബിരിയാണിഅരിയടക്കമുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. പ്രവര്‍ത്തന ചെലവ് പോലും ലഭിക്കാതെ കടബാധ്യതകള്‍മൂലം ഹോട്ടലുടമകള്‍ ആത്മഹത്യചെയ്യുന്നു. ഒരുതരത്തിലും പിടിച്ചുനില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍ ഹോട്ടലുടമകള്‍ക്കുള്ളത്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുവാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി വിപണിയിലിടപെടണം. ജനജീവിതം ദുസ്സഹമാക്കുന്ന അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നിട്ടും രാഷ്ട്രീയപാര്‍ട്ടികളുടെ നിസംഗത ആശ്ചര്യപ്പെടുത്തുന്നു.

പിസി.ബി. നിയമങ്ങളുടെ പേരില്‍ വലിയ പിഴചുമത്തി നോട്ടീസ് നല്‍കികൊണ്ട് ഉദ്യോഗസ്ഥര്‍ ഹോട്ടലുടമകളെ ബുദ്ധിമുട്ടിക്കുന്നു. പി.സി.ബി.യുടെ പേരിലുള്ള പീഢനം അവസാനിപ്പിക്കുക, ഉറവിടമാലിന്യസംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നിലും യൂണിറ്റടിസ്ഥാനത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുവാനും, അവശ്യസാധന വിലക്കയറ്റം പിടിച്ചുനിര്‍ത്തുക, പിസി.ബി. നിബന്ധനകള്‍ ലഘൂകരിക്കുക, അനധികൃത കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ കളക്‌ട്രേറ്റുകള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ്ണകള്‍ സംഘടിപ്പിക്കുവാന്‍ ഗോവയില്‍ നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. പി ബാലകൃഷ്ണ പൊതുവാളിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഗോവ ചാപ്റ്റര്‍ ഹെഡ് പ്രഹഌദ് ശുക്താന്‍കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാല്‍, ട്രഷറര്‍ മുഹമ്മദ് ഷെരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു