ഭക്ഷണശീലത്തില്‍ സ്ത്രീകള്‍ ഗൗരവമായ മാറ്റങ്ങള്‍ വരുത്തണം : പ്രൊഫസര്‍ ഡോ. ജയശ്രീ നായര്‍

കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധന നടത്തണം. ബ്ലീഡിങ്ങ് അടക്കമുള്ള ആരോഗ്യ അവസ്ഥകള്‍ നിസാരമായി തള്ളരുത്. കടുത്ത മാനസിക സമ്മര്‍ദം സ്ത്രീകളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം

 

കൊച്ചി: വനിതകള്‍ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് കേരള മാനേജ്മെന്റ് അസോസിയേഷന്‍ പ്രഭാഷണം സംഘടിപ്പിച്ചു. അമൃത ഫെര്‍ട്ടിലിറ്റി സെന്റര്‍ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. ജയശ്രീ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകള്‍ ഭക്ഷണശീലത്തില്‍ ഗൗരവമായ മാറ്റങ്ങള്‍ വരുത്തണമെന്ന് അവര്‍ പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധന നടത്തണം. ബ്ലീഡിങ്ങ് അടക്കമുള്ള ആരോഗ്യ അവസ്ഥകള്‍ നിസാരമായി തള്ളരുത്. കടുത്ത മാനസിക സമ്മര്‍ദം സ്ത്രീകളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഡയബറ്റിക് ബാധിതരായ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ജീവിതശൈലീ രോഗങ്ങള്‍ സ്ത്രീകളെ ബാധിക്കില്ലെന്നത് മിഥ്യാധാരണയാണ്. യോഗ അടക്കമുള്ളവ പരിശീലിക്കുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.ഗര്‍ഭകാലത്ത് കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പോലും അവഗണിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നും അവര്‍ പറഞ്ഞു. കെഎംഎ വൈസ് പ്രസിഡന്റ് അള്‍ജിയേഴ്സ് ഖാലിദ് അധ്യക്ഷത വഹിച്ചു. വിമെന്‍ മാനേജേഴ്സ് ഫോറം ചെയര്‍പേഴ്സണ്‍ ലേഖ ബാലചന്ദ്രന്‍, മാനേജിംഗ് കമ്മിറ്റി അംഗം ഡോ. രാധ തേവന്നൂര്‍ എന്നിവര്‍ സംസാരിച്ചു.

Spread the love