ഇന്ത്യയുടെ വളര്‍ച്ചയില്‍ മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വലിയ സംഭാവനകള്‍ നല്‍കുന്ന കാലമാണ് വരാനിരിക്കുന്നത്.
കൊച്ചി:ഉപഭോക്താക്കള്‍ ആഗോള തലത്തിലാണെങ്കില്‍ നമ്മുടെ ചിന്തയും ആഗോള തലത്തിലായിരിക്കണമെന്ന് ബി എസ് ഇ ലിമിറ്റഡ് എം ഡിയും സി ഇ ഒയുമായ സുന്ദരരാമന്‍ രാമമൂര്‍ത്തി പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സ്‌പെഷ്യല്‍ ലീഡര്‍ഷിപ്പ് ഇന്‍സൈറ്റ് പ്രോഗ്രാമില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രാദേശികമായല്ല ആഗോള തലത്തിലാണ് ഇപ്പോള്‍ കമ്പോളം പ്രവര്‍ത്തിക്കുന്നത്. പല കാര്യങ്ങള്‍ക്കായി വരി നിന്നിരുന്ന ഒരു കാലം നമുക്ക് കഴിഞ്ഞു പോയിട്ടുണ്ട്. വളരെ കുറച്ചു പേര്‍ മാത്രം സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ഇടപെട്ടിരുന്ന കാലവും ഉണ്ടായിരുന്നു. എന്നാല്‍ കോവിഡിന് ശേഷം നിക്ഷേപകരുടെ എണ്ണം നാലിരട്ടിയിലേറെയാണ് വര്‍ധിച്ചത്. മൊബൈല്‍ ഫോണുകള്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ക്ക് വഴി മാറുന്ന കാലത്താണ് നമ്മള്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വളര്‍ച്ചയില്‍ മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വലിയ സംഭാവനകള്‍ നല്‍കുന്ന കാലമാണ് വരാനിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ആയിരിക്കും ബി എസ് ഇ. ഒരു വിദേശ പങ്കാളികള്‍ പോലും ഇല്ലാതിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 250 ആയി വര്‍ധിച്ചു. യുവാക്കളെയും വനിതകളേയും എസ് എം എകളേയും ലക്ഷ്യമിട്ടുള്ള പദ്ധതികളുമായി കമ്പോളം വിപുലീകരിക്കുകയാണ്. ആരുടെയെങ്കിലും വാക്കുകള്‍ കേട്ട് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിക്ഷേപിക്കാന്‍ ശ്രമിക്കരുതെന്നും സ്വയം പഠിച്ച് നിക്ഷേപങ്ങള്‍ നടത്തണമെന്നും സുന്ദരരാമന്‍ രാമമൂര്‍ത്തി പറഞ്ഞു.
സ്ഥാപനങ്ങളുടെ ഓരോ വളര്‍ച്ചയ്ക്ക് പിന്നിലും വിജ്ഞാനം, ജീവനക്കാരുടെ താത്പര്യം, സാങ്കേതികവിദ്യ എന്നിവയ്‌ക്കെല്ലാം വലിയ പ്രാധാന്യമുണ്ട്. അവയെ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളായി വിലയിരുത്തണമെന്നും സുന്ദരരാമന്‍ രാമമൂര്‍ത്തി പറഞ്ഞു.കെ എം എ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ അല്‍ജിയേഴ്‌സ് ഖാലിദ്, എ സി കെ നായര്‍ സംസാരിച്ചു.