ഇന്ത്യയുടേത് മികച്ച ഭരണഘടന:  ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍

മറ്റു ഭരണഘടനകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുടെ ഭാഗമാണ്. യു എസില്‍ ഉള്‍പ്പെടെ മുഖവുര ഭരണഘടനയുടെ ഭാഗമല്ല.
കൊച്ചി: ഇന്ത്യയ്ക്കുള്ളത് ഏറ്റവും മികച്ചൊരു ഭരണഘടനയാണെന്ന് കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഡോ. എം വി പൈലി സ്മാരക പ്രഭാഷണത്തില്‍ ഭരണഘടനാപരമായ ധാര്‍മികത ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവ് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മറ്റു ഭരണഘടനകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖവും ഭരണഘടനയുടെ ഭാഗമാണ്. യു എസില്‍ ഉള്‍പ്പെടെ മുഖവുര ഭരണഘടനയുടെ ഭാഗമല്ല. ഇന്ത്യ പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായിരിക്കുമെന്നും എല്ലാ ജനങ്ങള്‍ക്കും സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക നീതിയും സമത്വവും സ്വന്തം വിശ്വാസത്തിലും അഭിപ്രായത്തിലുമുള്ള സ്വാതന്ത്ര്യവും രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും ഉള്‍പ്പെടെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്.

നാം ഇന്ത്യക്കാര്‍ എന്നു പറഞ്ഞാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത്. ആ വാക്ക്  വിശാലമായ ആശയവും അര്‍ഥവുമാണ് ജനങ്ങള്‍ക്ക് മുമ്പിലേക്ക് നല്‍കുന്നത്. നിയമത്തിന് ആരും അതീതരല്ലെന്നും എല്ലാവരും തുല്യരുമാണെന്ന ആശയം പങ്കുവെക്കുന്നു. ഭരണാധികാരി ഉള്‍പ്പെടെ നിയമത്തിന് കീഴിലാണ് വരുന്നത്. രാജ്യത്തിന്റെ 80 ശതമാനം സമ്പത്തും കൈകാര്യം ചെയ്യുന്നത് കേവലം 10 ശതമാനം മാത്രമാണ്. വിശ്വാസത്തിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഒരേ അവകാശമാണ് ഭരണഘടന നല്‍കുന്നത്. എന്നാല്‍ സമൂഹം ഇതില്‍ നിന്നെല്ലാം വിഭിന്നമാണ്. ഭരണഘടനാപരമായ ധാര്‍മികത ഇന്നെത്ര പേര്‍ നിലനിര്‍ത്തുന്നുണ്ടെന്ന് പരിശോധിക്കപ്പെടണമെന്നും ജസ്റ്റിസ് എ കെ ശങ്കരന്‍ നമ്പ്യാര്‍ പറഞ്ഞു.  കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ബിബു ബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. ലളിത മാത്യു, കെ എം എ മാനേജിംഗ് കമ്മിറ്റി അംഗം എ സി കെ നായര്‍ ,ജോയിന്റ് സെക്രട്ടറി അനില്‍ വര്‍മ തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു