സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വര്‍ധിച്ചു വരുന്നത് ശുഭസൂചന: ഡോ.എ വി അനൂപ് 

ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എങ്ങനെ സാധ്യമാക്കാം എന്ന് ചിന്തിക്കണം. നേട്ടങ്ങള്‍ കയ്യെത്തി പിടിക്കാന്‍ ഇച്ഛാശക്തിയുണ്ടാകണമെന്നും അദ്ദേഹം

 

കൊച്ചി: പ്രതികൂല സാഹചര്യങ്ങളെ മറികടക്കാന്‍ പഠിക്കുമ്പോഴാണ് ഏതൊരു സംരംഭവും വിജയത്തിലേക്കെത്തുന്നതെന്ന് എവിഎ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എ വി അനൂപ്.കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെഎംഎ) ഇന്‍സ്പെയര്‍ സീരീസ് പ്രഭാഷണ പരമ്പരയില്‍ ടേണിംഗ് അഡ്വെഴ്സിറ്റി ഇന്റു ഓപ്പര്‍ച്യൂണിറ്റി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വര്‍ധിച്ചു വരുന്നത് ശുഭസൂചനയാണ്. പുതുതലമുറ കൂടുതല്‍ സ്മാര്‍ട്ടാണ്. ഏത് പ്രതികൂല സാഹചര്യങ്ങളെയും മറികടക്കാന്‍ കഴിവുള്ളവരാണ് യുവതലമുറ. അവര്‍ക്ക് അനുകൂല സാഹചര്യവും വഴിയും ഒരുക്കികൊടുക്കുന്നതില്‍ സമൂഹവും സംവിധാനങ്ങളും കൂടുതല്‍ താത്പര്യമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനം എടുക്കാന്‍ ബുദ്ധിമുട്ടുള്ള ഒട്ടേറെ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിഞ്ഞതാണ് മെഡിമിക്സിന്റെ വിജയരഹസ്യം. കേരളത്തില്‍ കിട്ടുന്നത്ര ശുദ്ധമായ വെളിച്ചെണ്ണ മറ്റൊരു സംസ്ഥാനത്തും ലഭിക്കില്ല. ഇത് സ്വന്തം അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം പല കാര്യങ്ങളിലും മുന്നിലാണ്. കേരളത്തിന്റെ സാദ്ധ്യതകള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം. വിജയകരമായി 50 വര്‍ഷത്തോളം ബിസിനസ് നടത്തിയിട്ടും അവാര്‍ഡ് ലഭിച്ചിട്ടില്ല. എന്നാല്‍ സിനിമയുടെ പേരില്‍ ഓസ്‌കാര്‍ ഒഴിച്ചുള്ള മറ്റെല്ലാ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

സിനിമയ്ക്കു ലഭിക്കുന്ന പ്രാധാന്യം പോലും ബിസിനസ് മേഖലയില്‍ ലഭിക്കുന്നില്ല.
ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എങ്ങനെ സാധ്യമാക്കാം എന്ന് ചിന്തിക്കണം. നേട്ടങ്ങള്‍ കയ്യെത്തി പിടിക്കാന്‍ ഇച്ഛാശക്തിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അള്‍ജിയേഴ്സ് ഖാലിദ്, സെക്രട്ടറി ഡോ.അനില്‍ ജോസഫ്, ക്യാപ്റ്റന്‍ സുരേഷ് എന്നിവര്‍സംസാരിച്ചു.

Spread the love