കെ.എം. എ മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് സമ്മാനിച്ചു
കൊച്ചി: ഹൈടെക്ക് മേഖലയില്‍ കൂടുതല്‍ നിക്ഷേപം വരണമെന്നും ഇതിന് സര്‍ക്കാര്‍ സാധ്യമായ പ്രോത്സാഹനം നല്‍കണമെന്നും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ്. റോക്കറ്റ് നിര്‍മാണ രംഗത്തേക്ക് കൂടുതല്‍ സ്വകാര്യ കമ്പനികള്‍ കടന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. കെഎംഎ മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് നെസ്റ്റ് ഗ്രൂപ്പ് സിഎംഡി ഡോ.എന്‍ ജഹാംഗീറിന് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ രംഗത്ത് കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യതയുണ്ട്. ആഗോള വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കരുത്തുള്ള കമ്പനികള്‍ ഇന്ന് രാജ്യത്തുണ്ട്. ഒപ്റ്റിക്കല്‍ മേഖലയില്‍ കൂടുതല്‍ കമ്പനികള്‍ക്ക് ഇനിയും അവസരമുണ്ട്. ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട നിര്‍മാണ മേഖലയില്‍ അനന്ത സാധ്യതകളുണ്ടെന്നും സോമനാഥ് പറഞ്ഞു.
ഐഎസ്ആആര്‍ഒയുടെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ജഹാംഗീറിന്റെയും അദ്ദേഹത്തിന്റെ കമ്പനിയുടേയും സംഭാവനകളുണ്ടെന്ന് സോമനാഥ് പറഞ്ഞു. ജഹാംഗീറിന്റെ ഇച്ഛാശക്തിയും ഊര്‍ജസ്വലതയും മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അവാര്‍ഡ് ലഭിച്ചത് വ്യക്തിപരമായ നേട്ടമല്ലെന്നും കൂട്ടായ പ്രവര്‍ത്തനത്തിനും ഇച്ഛാശക്തിക്കും ലഭിച്ച അംഗീകാരമായി കരുതുന്നതായും ഡോ. ജഹാംഗീര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഏറെ ദൂരം പോകാനുണ്ടെന്ന തിരിച്ചറിവാണ് നെസ്റ്റ് ഗ്രൂപ്പ് കമ്പനികളുടെ വിജയമന്ത്രമെന്നും അദ്ദേഹം പറഞ്ഞു. സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള മനസും ക്ഷമയും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ആര്‍ക്കും വിജയം നേടാമെന്നും ജഹാംഗീര്‍ ചൂണ്ടിക്കാട്ടി.കെ എം എ പ്രസിഡന്റ് ബിബു പുന്നൂരാന്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാനും മുന്‍ അവാര്‍ഡ് ജേതാവുമായ വേണുഗോപാല്‍ സി ഗോവിന്ദ്, കെ എം എ മുന്‍ പ്രസിഡന്റ് എ ബാലകൃഷ്ണന്‍, മാനേജിംഗ് കമ്മിറ്റിയംഗം ലേഖ ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കെഎംഎ വൈസ് പ്രസിഡന്റ് അല്‍ജിയേഴ്‌സ് ഖാലിദ് സ്വാഗതവും ഓണററി സെക്രട്ടറി ഡോ. അനില്‍ ജോസഫ് നന്ദിയും പറഞ്ഞു.