പ്രകൃതി, ജലം, ജീവജാലങ്ങള്‍ ശ്രദ്ധേയമായി ജൂലിയാന്‍ ട്യൂബ്‌കെയുടെ ബിനാലെ റെസിഡന്‍സി

ശരീരത്തിലെ നാഡീവ്യൂഹങ്ങളെയും പൈപ്പ് ലൈനുകളെയും ഓര്‍മ്മിപ്പിക്കുന്ന ചെമ്പ് പൈപ്പുകളുടെ ശൃംഖലയാണ് കലാപ്രതിഷ്ഠയുടെ പ്രധാന ഭാഗം

കൊച്ചി: മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ റെസിഡന്‍സി ആര്‍ട്ടിസ്റ്റ് ജൂലിയാന്‍ ട്യൂബ്‌കെ തയ്യാറാക്കിയ ഇന്‍സ്റ്റലേഷന്‍ ശ്രദ്ധേയമാകുന്നു. പ്രകൃതിയെ ആരാധിച്ചിരുന്ന മനുഷ്യന്‍ ഇന്ന് അതിനെ ചൂഷണം ചെയ്യുന്ന കാഴ്ചയാണ് ചുറ്റുമുള്ളതെന്നും വനനശീകരണവും കുന്നിടിക്കലും തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതുമെല്ലാം മട്ടാഞ്ചേരി ബസാര്‍ റോഡിലെ ദേവസി ജോസ് ആന്‍ഡ് സണ്‍സില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ‘വെതറിംഗ് വിത്ത് മീ’ എന്ന കലാപ്രതിഷ്ഠയിലൂടെ ജൂലിയാന്‍ വിളിച്ചു പറയുകയാണ്.
പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ മനുഷ്യജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നതാണ് ബെര്‍ലിന്‍ സ്വദേശിയായ ജൂലിയാന്‍ തന്റെ സൃഷ്ടികളിലൂടെ പരിശോധിക്കുന്നത്. കൊച്ചിക്ക് സമാനമായ ഒരു തുറമുഖ നഗരത്തില്‍ വളര്‍ന്ന തനിക്ക് ജലത്തിന്റെയും കാലാവസ്ഥയുടെയും സ്വാധീനം വ്യക്തമായി അറിയാമെന്ന് ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജൂലിയാന്‍ പറഞ്ഞു. ജലം എന്നത് മനുഷ്യശരീരത്തിലൂടെയും വായുവിലൂടെയും മഴയിലൂടെയും പുഴകളിലൂടെയും സമുദ്രങ്ങളിലൂടെയും അത് നിരന്തരം ചംക്രമണം ചെയ്ത് സകല ജീവജാലങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നുവെന്നും അവര്‍ വിശദീകരിച്ചു.2019ലെ മണ്‍സൂണ്‍ കാലത്താണ് ജൂലിയാന്‍ കൊച്ചിയില്‍ ഈ കലാസൃഷ്ടിയെക്കുറിച്ചുളള അന്വേഷണം ആരംഭിച്ചത്. കൊച്ചിയിലെ കായല്‍ മേഖലകള്‍ സന്ദര്‍ശിച്ച് വിവിധ ജനവിഭാഗങ്ങളുമായി സംവദിച്ച് 2018ലെ മഹാപ്രളയം ജനജീവിതത്തെ എങ്ങനെയെല്ലാം ബാധിച്ചുവെന്നത് അവര്‍ പഠനവിഷയമാക്കി. 2020ല്‍ പ്രദര്‍ശനം നടത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ അത് മാറ്റിവച്ചു. പിന്നീട് കൊച്ചിയിലെ ജിത്ത് ജോസഫുമായി ചേര്‍ന്നുള്ള നിരന്തരമായ ഇടപെടലുകളിലൂടെ 2025 ഡിസംബറിലാണ് ഈ പ്രദര്‍ശനം പൂര്‍ണ്ണരൂപത്തില്‍ ഒരുക്കിയത്.
ശരീരത്തിലെ നാഡീവ്യൂഹങ്ങളെയും പൈപ്പ് ലൈനുകളെയും ഓര്‍മ്മിപ്പിക്കുന്ന ചെമ്പ് പൈപ്പുകളുടെ ശൃംഖലയാണ് കലാപ്രതിഷ്ഠയുടെ പ്രധാന ഭാഗം. ഇതിലെ പൈപ്പുകളിലൂടെ കായലിന്റെയും പക്ഷികളുടെയും ശബ്ദങ്ങളും പ്രളയത്തെയും കാലാവസ്ഥയെയും കുറിച്ചുള്ള ജനങ്ങളുടെ സംഭാഷണങ്ങളും കേള്‍ക്കാന്‍ സാധിക്കും. കായലില്‍ നിന്നുള്ള പൊക്കാളി മണ്ണും ഇന്‍സ്റ്റലേഷന്റെ ഭാഗമായി ഉപയോഗിച്ചിട്ടുണ്ട്. ഉപ്പുവെള്ളത്തെ പ്രതിരോധിക്കുന്ന പൊക്കാളി കൃഷിരീതിയും അതിലെ പാരിസ്ഥിതിക പ്രാധാന്യവും കലാകാരി തന്റെ സൃഷ്ടിയില്‍ അടയാളപ്പെടുത്തുന്നു.പ്രകൃതി വിഭവങ്ങളുടെ പുനരുജ്ജീവന ശേഷിയെയും മനുഷ്യബന്ധങ്ങളെയും പ്രതീകാത്മകമായി അവതരിപ്പിക്കുന്നതിലൂടെ കൊച്ചിയിലെ ജനങ്ങള്‍ക്ക് ജലവുമായുള്ള വൈകാരിക ബന്ധം പങ്കുവെക്കാനാണ് ജൂലിയാന്‍ ഇതിലൂടെ ശ്രമിക്കുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു