സാമൂഹിക മാറ്റങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ജീവിതാനുഭവങ്ങളും എങ്ങനെ ചെറുകഥ ശാഖയെ സ്വാധീനിക്കുന്നുവെന്ന് സംഗമം ചര്‍ച്ച ചെയ്യും.
കൊച്ചി: മലയാള ചെറുകഥാശാഖയെ അടിസ്ഥാനമാക്കി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ സാഹിത്യ സംഗമം ‘ചെറുകഥയുടെ ഉള്ളറകള്‍’ ഫെബ്രുവരി 4 മുതല്‍ 6 വരെ ഫോര്‍ട്ട് കൊച്ചി ബാസ്റ്റ്യന്‍ ബംഗ്ലാവിലെ പവലിയനില്‍ നടക്കും. സാമൂഹിക മാറ്റങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും ജീവിതാനുഭവങ്ങളും എങ്ങനെ ചെറുകഥ ശാഖയെ സ്വാധീനിക്കുന്നുവെന്ന് സംഗമം ചര്‍ച്ച ചെയ്യും.എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ നടത്തുന്ന മുഖ്യപ്രഭാഷണത്തോടെയാണ് ഫെബ്രുവരി നാല് ബുധനാഴ്ച പരിപാടികള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് പോള്‍ സക്കറിയയും വി.എസ്. അജിത് കുമാറും തമ്മിലുള്ള സംഭാഷണം നടക്കും. ‘റൈറ്റിംഗ് ദി മൊമെന്റ്: ചെറുകഥയും സമകാലിക അനുഭവങ്ങളും’ എന്ന പാനല്‍ ചര്‍ച്ചയില്‍ എസ്. ഹരീഷ്, ഫ്രാന്‍സിസ് നൊറോണ, ഹരിത സാവിത്രി, ഷാഹിന കെ. റഫീഖ്, ബോണി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. അശ്വതി ഗോപാലകൃഷ്ണനാണ് ഈ ചര്‍ച്ച നിയന്ത്രിക്കുന്നത്. ഫെബ്രുവരി 5ന് നോവലിസ്റ്റ് സാറാ ജോസഫും സംഗീത ശ്രീനിവാസനും തമ്മിലുള്ള സംഭാഷണം നടക്കും. കഥയുടെ ഘടന, ഭാഷ, സൂക്ഷ്മത എന്നിവയെ ആസ്പദമാക്കി നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ എം. നന്ദകുമാര്‍, ആര്‍. ശ്യാംകൃഷ്ണന്‍, ആഷ് അഷിത തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. പ്രിയ കെ. നായര്‍ മോഡറേറ്ററാകും. സമാപന ദിവസമായ ഫെബ്രുവരി 6ന് ഓര്‍മ്മ, വിവര്‍ത്തനം, പ്രചാരം എന്നിവയെ മുന്‍നിര്‍ത്തി നടക്കുന്ന ചര്‍ച്ചയില്‍ സി.എസ്. ചന്ദ്രിക, എന്‍.എസ്. മാധവന്‍, ഇ. സന്തോഷ് കുമാര്‍ തുടങ്ങിയവരാണ് സംസാരിക്കുന്നത്. ഷാഹിന കെ. റഫീഖാണ് ചര്‍ച്ചയുടെ മോഡറേറ്റര്‍. മാറുന്ന സാഹിത്യ സാഹചര്യങ്ങളില്‍ മലയാള ചെറുകഥയുടെ വിവര്‍ത്തന സാധ്യതകളും വായനക്കാരിലേക്കെത്തുന്നതും സെഷന്‍ വിലയിരുത്തും.

