2,47,000 ച. അടി വിസ്തീര്‍ണമുള്ള വാണിജ്യ സമുച്ചയം, 85,651 ച. അടി വിസ്തീര്‍ണമുള്ള കണ്‍വന്‍ഷന്‍ സെന്ററും 40 അതിഥി മുറികളുള്ള ഹോട്ടലും ഭവന നിര്‍മ്മാണ ബോര്‍ഡിന് സ്വന്തമായി ലഭിക്കുന്ന രീതിയിലാണ് പദ്ധതി
തിരുവനന്തപുരം:കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കൊച്ചിയിലെ ‘മറൈന്‍ എക്കോ സിറ്റി’യുടെ ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍ദ്ദേശം നല്‍കി. നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന പദ്ധതി പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമാനുസൃതമായ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അടിയന്തമായി പൂര്‍ത്തിയാക്കും. കേന്ദ്രത്തില്‍ നിന്നുള്ള വിവിധ അനുമതി പത്രങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തീരദേശ നിയന്ത്രണ മേഖലയുമായി ബന്ധപ്പെട്ട ക്ലിയറന്‍സ് ലഭിച്ചു. പ്രീ സര്‍ട്ടിഫിക്കേഷന്‍ പൂര്‍ത്തിയാക്കി. 3 സ്റ്റാര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമായി. എയര്‍പോര്‍ട്ട് എന്‍ഒസി, ഫയര്‍ഫോഴ്‌സ് എന്‍ഒസി, പാരിസ്ഥിതിക അനുമതി തുടങ്ങിവ ഉറപ്പാക്കിയിട്ടുണ്ട്.
മറൈന്‍ സിറ്റിയുടെ പുതുക്കിയ രൂപരേഖയും എസ്റ്റിമേറ്റും നാഷണല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ (എന്‍ബിസിസി) വിദഗ്ധ പ്രതിനിധികള്‍ യോഗത്തില്‍ അവതരിപ്പിച്ചു. പദ്ധതിയുടെ ഒന്നാം ഘട്ട നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടികളും എന്‍ബിസിസി ഉദ്യോഗസ്ഥര്‍ വിവരിച്ചു.
486.38 കോടി രൂപയായിരുന്നു പദ്ധതി തുക. റായ്പുര്‍ കേന്ദ്രമായ ഡീ വീ പ്രൊജക്ട്‌സ് ലിമിറ്റഡ് (ഡീവീപിഎല്‍) 460.60 കോടിയും ഡല്‍ഹി ആസ്ഥാനമായ സ്വദേശി സിവില്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ് 506.72 കോടിയും ആണ് ക്വാട്ട് ചെയ്തത്. ടെണ്ടര്‍ തുകയേക്കാള്‍ 5.3 ശതമാനം കുറവാണ് ഡീവീപിഎല്ലിന്റേത്. നിര്‍മ്മാണ കരാര്‍ ഇവര്‍ക്ക് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള എംപവേര്‍ഡ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കും.ഏകദേശം 2,399 കോടി രൂപ ആകെ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്ന മറൈന്‍ എക്കോ സിറ്റിയുടെ വിപണന മൂല്യം 3,570 കോടി രൂപയാണ്.
2,47,000 ച. അടി വിസ്തീര്‍ണമുള്ള വാണിജ്യ സമുച്ചയം, 85,651 ച. അടി വിസ്തീര്‍ണമുള്ള കണ്‍വന്‍ഷന്‍ സെന്ററും 40 അതിഥി മുറികളുള്ള ഹോട്ടലും ഭവന നിര്‍മ്മാണ ബോര്‍ഡിന് സ്വന്തമായി ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ഇവയ്ക്കു പുറമെ, ആഡംബര ഹരിത പാര്‍പ്പിട സമുച്ചയങ്ങളില്‍ 3 ബിഎച്ച്‌കെ, 4 ബിഎച്ച്‌കെ ഫ്‌ലാറ്റുകളുണ്ടാകും. ആദ്യ ഘട്ടത്തില്‍ 25 നിലകളിലായി 152 ഫ് ളാറ്റുകളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ മൂന്ന് നിലകള്‍ വാഹന പാര്‍ക്കിങ്ങിനുള്ളതാണ്. ക്ലബ് ഹൗസ്, സിമ്മിംഗ് പൂള്‍, ജിം, ഓഫീസ് ഇടങ്ങള്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും.