ഈ കാലത്ത് അനുഭവിച്ച ക്രൂരതയുടെ വിഷാദഭരിതവും വേട്ടയാടുന്നതുമായ സംഗീതമാണ് കലാപ്രതിഷ്ഠയുടെ കാതല്‍.
കൊച്ചി: കൊച്ചിമുസിരിസ് ബിനാലെ 2025ന്റെ വേദിയായ ഫോര്‍ട്ട്കൊച്ചി പെപ്പര്‍ ഹൗസിലെ ഒന്നാംനിലയില്‍ ആദ്യം കയറുമ്പോള്‍ കുറച്ചു പേര് സംഗീതോപകരണങ്ങളുമായി നില്‍ക്കുന്നത് കാണാം. ആദ്യകാഴ്ചയില്‍ അത് മനുഷ്യനായി തോന്നാമെങ്കിലും അടുത്തടുത്ത് ചെല്ലുമ്പോള്‍ നിഴലായും പ്രതിമയായും ഈ കാഴ്ച കാണികളെ ആശയക്കുഴപ്പത്തിലാക്കും. നന്നേ അടുത്ത് ചെല്ലുമ്പോഴാണ് അത് കേവലം വസ്ത്രങ്ങള്‍ മാത്രം തൂക്കിയിട്ടിരിക്കുന്നതാണെന്ന് മനസിലാകുന്നത്. ശരീരമില്ലെന്ന് മാത്രമേയുള്ളൂ വസ്ത്രങ്ങള്‍ തന്നെ ഗിത്താറും മറ്റ് സംഗീതോപകരണങ്ങളും പിടിച്ചിരിക്കുന്നു. ഇന്തോനേഷ്യന്‍ കലാകാരനും സംഗീതജ്ഞനുമായ ജോംപെറ്റ് കുസ്വിദനന്തോ ഒരുക്കിയ ‘ദ ഗോസ്റ്റ് ബാലഡ്’ (The Ghtos Ballad) എന്ന ഇന്സ്റ്റലേഷന് ബിനാലെ ആറാം ലക്കത്തിലെ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന കലാപ്രതിഷ്ഠയെന്ന് നിസ്സംശയം പറയാം. പോര്‍ച്ചുഗീസ് ഭരണത്തിലെ ക്രൂരകൃത്യങ്ങള്‍ ഒരു പോലെ അനുഭവിച്ച ജനതയാണ് ഇന്തോനേഷ്യയും ഇന്ത്യയിലെ പഴയ കോളനികളും. ഈ കാലത്ത് അനുഭവിച്ച ക്രൂരതയുടെ വിഷാദഭരിതവും വേട്ടയാടുന്നതുമായ സംഗീതമാണ് കലാപ്രതിഷ്ഠയുടെ കാതല്‍.കൊളോണിയല്‍ കാലഘട്ടത്തിലെ ആഘാതങ്ങളെ ചലനങ്ങളിലൂടെ പുനരാവിഷ്കരിക്കുകയാണ് സൃഷ്ടി. പ്രേതങ്ങള്‍ അണിനിരക്കുന്നതും ഗിറ്റാര്‍ വായിക്കുന്നതും ചെണ്ട കൊട്ടുന്നതും പാടുന്നതുമെല്ലാം ദൃശ്യമാണ്. മുഖമില്ലാത്ത, ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ട, സ്കാര്‍ഫ് പുതച്ച പൊള്ളയായ രൂപങ്ങള്‍ സൃഷ്ടിക്കുന്ന നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഡ്രം മുഴങ്ങുന്നതും ഗിറ്റാറിന്റെ തന്ത്രികള്‍ ഉണരുന്നതും മുറിഞ്ഞ കൈത്തണ്ടകളില്‍ പിടിച്ചിരിക്കുന്ന മൈക്കുകളിലൂടെ ഒഴുകിവരുന്ന ഗാനങ്ങളും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. തറയില്‍ വെച്ചിരിക്കുന്ന സ്പീക്കറുകളിലൂടെ ഇന്തോനേഷ്യന്‍ ഭാഷയില്‍ അവിടുത്തെ മനുഷ്യരുടെയും സംഗീത ചരിത്രത്തിന്റെയും കഥകള്‍ വിവരിക്കുന്നുണ്ട്.
ആദ്യത്തെ രൂപത്തിന് സമീപത്തുകൂടി നടക്കുമ്പോള്‍ അവന്റെ നെഞ്ചില്‍ തൂങ്ങിക്കിടക്കുന്ന തടി ഗിറ്റാറില്‍ നിന്നും പുറപ്പെടുന്ന നേര്‍ത്ത ശബ്ദം അടുത്തേക്ക് ചെല്ലുമ്പോള്‍ മാത്രം കേള്‍ക്കാവുന്ന രീതിയില്‍ ഇന്‍സ്റ്റലേഷനും സന്ദര്‍ശകനും തമ്മില്‍ ആത്മബന്ധം സ്ഥാപിക്കുന്നു എന്നാണ് ജോംപെറ്റ് പറയുന്നത്. കൊച്ചിയിലെ സൃഷ്ടി കൊളോണിയല്‍ കാലഘട്ടത്തിലെ സംഗീതത്തിന്റെ ചരിത്രമാണ് പറയുന്നത്. അക്കാലത്ത് മനുഷ്യര്‍ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കപ്പെട്ടപ്പോള്‍ സംഗീതം അവരുടെ അതിജീവനത്തിനുള്ള മാര്‍ഗ്ഗമായും പ്രതിഷേധത്തിന്റെ പ്രതീകമായും മാറി. പോര്‍ച്ചുഗലില്‍ ഉത്ഭവിച്ച ‘ഫാഡോ’ (Fado) വിലാപത്തിന്റെയും നഷ്ടങ്ങളുടെയും കടലിന്റെയും ആവിഷ്കാരമായാണ് പാടുന്നത്. പോര്‍ച്ചുഗീസുകാര്‍ ഇന്തോനേഷ്യയില്‍ എത്തിയപ്പോള്‍ അവരോടൊപ്പം വന്ന ഫാഡോയുടെ വകഭേദമായാണ് ജാവയില്‍ പിന്നീട് തരംഗമായി മാറിയ ‘കെറോണ്ചോംഗ്’ (Keroncong) രൂപപ്പെട്ടത്.
ഇന്‍സ്റ്റലേഷനിലെ ഓരോ രൂപവും ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍, വാദ്യോപകരണങ്ങള്‍ പിടിച്ചിരിക്കുന്ന രീതി, ഇന്തോനേഷ്യന്ഇന്ത്യന് വസ്ത്രധാരണ രീതികള്‍ എന്നിവയെല്ലാം ശ്രദ്ധേയമാണ്. ചിലര്‍ മുട്ടുകുത്തി നില്ക്കുന്നു, ചിലര്‍ ഇരിക്കുന്നു, മറ്റുചിലര്‍ കപ്പല്‍ യാത്രയിലെന്നപോലെ ഒഴുകി നീങ്ങുന്നു. ഓരോ രൂപത്തിനും അരികിലായി ഓരോ ജോഡി പാദരക്ഷകള്‍ കാണാം. പുതിയ ഇടങ്ങളിലേക്ക് ഒഴുകിനീങ്ങിയ ശരീരങ്ങളെയും കടല്‍ യാത്രികരെയും സൂചിപ്പിക്കുന്നു.
ഇന്തോനേഷ്യയില്‍ നിന്നുള്ള ഗിവിംഗ് ടോപ്പോയും ഗോവയില്‍ നിന്നുള്ള നാദിയ റിബെല്ലോയും ആലപിക്കുന്ന ഗാനങ്ങള്‍ പോര്‍ച്ചുഗീസ് അധിനിവേശം നേരിട്ട ഇന്തോനേഷ്യയുടെയും ഇന്ത്യയുടെയും ചരിത്രത്തെ തമ്മില്‍ ബന്ധിപ്പിക്കുന്നുണ്ട്.

