ഏഷ്യയിലെ 43 ക്ലബ്ബുകളിലൊന്നായി മാറി, സ്കോള്‍ ഇന്റര്‍നാഷണലിന്റെ ‘ഏഷ്യ ഏരിയ ക്ലബ് ഓഫ് ദി ഇയര്‍’ പുരസ്കാരം കൊച്ചി നേടി.
കൊച്ചി: അന്താരാഷ്ട്ര യാത്രാ, ടൂറിസം വ്യവസായത്തിലെ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ സ്കോള്‍ ഇന്റര്‍നാഷണലിന്റെ ഏഷ്യ ഏരിയ ക്ലബ് ഓഫ് ദി ഇയര്‍ അവാര്‍ഡ് കൊച്ചിക്ക് ലഭിച്ചു. സ്കോള്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡെന്നീസ് സ്ക്രാഫ്റ്റണില് നിന്നും കൊച്ചി പ്രസിഡന്റ് ഡോ. നിര്‍മ്മല ലില്ലി പുരസ്ക്കാരം ഏറ്റുവാങ്ങി. അന്താരാഷ്ട്ര മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് ഹോക്കിന്‍സ്, ഏഷ്യ പ്രസിഡന്റ് കീത്തി ജയവീര തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 1934 ല്‍ സ്ഥാപിതമായ സ്കോള്‍ ഇന്റര്‍നാഷണലിന്റെ ദേശീയ, ഏരിയാ കമ്മിറ്റികള്‍ പ്രതിവര്‍ഷം കോണ്‍ഗ്രസ് സംഘടിപ്പിക്കും.
സംഘടന അപ്ഡേറ്റുകളും വിവരങ്ങളും കൈമാറുന്നതിനോടൊപ്പം യാത്രയും ടൂറിസവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്യും. സുഹൃത്തുക്കള്‍ക്കിടയില്‍ ബിസിനസ് ചെയ്യാനും അവസരമുണ്ട്. സ്കോള്‍ ഇന്റര്‍നാഷണല്‍ ഏഷ്യയുടെ 10, 11 മേഖലകളിലായി തായ്ലന്റ്, വിയറ്റ്നാം, മാലിദ്വീപ്, ശ്രീലങ്ക, ഖത്തര്‍, ഒമാന്‍, യു എ ഇ, ഇന്ത്യ, അസര്ബൈജാന്, ബഹ്റൈന്‍, തായ്വാന്, ഇന്തോനേഷ്യ, ഇസ്രായേല്‍, ഹോങ്കോംഗ്, ഗുവാം, ജപ്പാന്, കൊറിയ, മക്കാവു, മലേഷ്യ, നേപ്പാള്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലായി 43 ക്ലബ്ബുകളാണുള്ളത്.

