നഗരസഭയുടെ പ്രധാന ഓഫീസും ആറ് മേഖലാ ഓഫീസുകളും ഉള്‍പ്പെടുത്തിയാണ് സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം നല്‍കി, സ്ഥിരം പരാതി പരിഹാര അദാലത്ത് എന്ന സംവിധാനം നിലവില്‍ വരുന്നതെന്ന് കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു
കൊച്ചി: കൊച്ചി നഗരസഭയില്‍ പൊതുജനങ്ങളുടെ പരാതികളും തര്‍ക്കങ്ങളും നഗരസഭാ തലത്തില്‍ തന്നെ പരിഹരിക്കുന്നതിനായി സ്ഥിരം പരാതി പരിഹാര അദാലത്ത് വരുന്നു.നഗരസഭയുടെ പ്രധാന ഓഫീസും ആറ് മേഖലാ ഓഫീസുകളും ഉള്‍പ്പെടുത്തിയാണ് സൗജന്യവും കാര്യക്ഷമവുമായ നിയമ സേവനം നല്‍കി, സ്ഥിരം പരാതി പരിഹാര അദാലത്ത് എന്ന സംവിധാനം നിലവില്‍ വരുന്നതെന്ന് കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ പറഞ്ഞു . നഗരസഭയുടെയും കേരള സംസ്ഥാന നിയമ സേവന അതോറിറ്റിയുടേയും ജില്ലാ നിയമ സേവന അതോറിറ്റിയുടേയും സംയുക്താഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്
കേരള മുനിസിപ്പാലിറ്റി നിയമത്തിന്റെ പരിധിയില്‍ വരുന്നതും കൊച്ചി നഗരസഭയില്‍ യഥാവിധി അപേക്ഷ നല്‍കിയിട്ടുള്ളതും എന്നാല്‍ സമയപരിധിക്കുള്ളില്‍ സേവനം ലഭ്യമാകാത്ത വിഷയങ്ങളിലുള്ള പരാതികള്‍/നിവേദനങ്ങള്‍, തീര്‍പ്പാകാതെയുള്ള പൊതുജനങ്ങളുടെ പരാതികള്‍/നിവേദനങ്ങള്‍ വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പരിഹാരത്തിന് സാമ്പത്തിക ചെലവില്ലാതെ സമീപിക്കാം. അതാത് നഗരസഭ ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടിയില്‍ പരാതികള്‍/നിവേദനങ്ങള്‍ എന്നിവ നിക്ഷേപിക്കാവുന്നതാണ്.
പരാതികള്‍ ക്രോഡീകരിച്ച് നിയമസേവന അതോറിറ്റിയിലേയ്ക്ക് കൈമാറുന്നതും തുടര്‍ച്ചയായ കാലയളവുകളില്‍ പരാതികള്‍/നിവേദനങ്ങളുമായി ബന്ധപ്പെട്ട് അദാലത്തുകള്‍ നടത്തുന്നതുമാണ്. അദാലത്തില്‍ കേസ് നിലവിലുള്ളവ, ലൈഫ്, അതിദാരിദ്യം, ജീവനക്കാരുടെ സര്‍വ്വീസ് വിഷയങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ പരിഗണിക്കില്ലെന്നും മേയര്‍ അറിയിച്ചു. അദാലത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം മൂന്നിന് എറണാകുളം ഇ.എം.എസ്. മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടകുന്ന സമ്മേളനത്തില്‍ മന്ത്രി പി. രാജീവ് നിര്‍വ്വഹിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് മുഖ്യ പ്രഭാഷണം നടത്തും. ഹൈക്കോടതി മുന്‍ ജഡ്ജിയും ഗാന്ധിയന്‍ ഇനിഷ്യേറ്റീവ് ഫോര്‍ സോഷ്യല്‍ ഹാര്‍മണിയുടെ അധ്യക്ഷനുമായ ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ പദ്ധതി വിശദീകരിക്കും.