കേളീ രാമചന്ദ്രന്‍ ക്യൂറേറ്റ് ചെയ്യുന്ന ‘കല കാലം കലാപം’ എന്ന പരമ്പരയിലെ മൂന്നാമത് പരിപാടിയാണ് വടകര സാഹിത്യവേദിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നത്.
കോഴിക്കോട് : മുസിരിസ് ബിനാലെ ആറാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംവാദ പരമ്പര ‘സമകാലീന ഫോക് ലോറും സാംസ്‌കാരിക പ്രതിരോധവും’ എന്ന വിഷയത്തില്‍ നാളെ നടക്കും. കേളീ രാമചന്ദ്രന്‍ ക്യൂറേറ്റ് ചെയ്യുന്ന ‘കല കാലം കലാപം’ എന്ന പരമ്പരയിലെ മൂന്നാമത് പരിപാടിയാണ് വടകര സാഹിത്യവേദിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നത്. നവംബര്‍ 16 ന് രാവിലെ 10 മണി മുതല്‍ വടകര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സെമിനാറില്‍ പ്രബന്ധാവതരണങ്ങള്‍, പാട്ടും പറച്ചിലും, നാടന്‍കലാവതരണം, സംവാദം എന്നിവയുണ്ടാവും. . വൈകിട്ട് ആറിന് കുറുമ്പത്തുരുത്ത് യുവകേരള ചവിട്ടുനാടകവേദിയുടെ കാറല്‍മാന്‍ ചരിതം ചവിട്ടുനാടകത്തിന്റ രംഗാവതരണത്തോടെയാണ് പരിപാടികള്‍ അവസാനിക്കുന്നത്. എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരിനടുത്ത് പുത്തവേലിക്കരയില്‍ നിന്നുള്ള സംഘമാണ് ചവിട്ടുനാടകം അവതരിപ്പിക്കുന്നത്. സാഹിത്യവേദി പ്രസിഡന്റ് കവി വീരാന്‍കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കന്നഡ ഭാഷാവികസന അതോറിറ്റി ചെയര്‍മാനും പ്രമുഖ ഫോക് ലോര്‍ കലാകാരനുമായ പ്രൊഫ.പുരുഷോത്തം ബിള്ളിമലെ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഡോ.രാഘവന്‍ പയ്യനാട് മുഖ്യപ്രഭാഷണം നടത്തും. ബിനാലെ സംഘാടകനും വിഖ്യാത സമകാലീന കലാകാരനുമായ ബോസ് കൃഷ്ണമാചാരി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
കളരിപ്പയറ്റ് ഗുരുക്കള്‍ പത്മശ്രി മീനാക്ഷിയമ്മയെ ആദരിക്കും. തുടര്‍ന്ന് ഫോക് ലോറിക് സിനിമ, സിനിമാറ്റിക് ഫോക് ലോര്‍’ എന്ന വിഷയത്തില്‍ ഡോ. അജു കെ. നാരായണന്‍, ‘ഫോക് ലോറിലെ സ്ത്രീ പ്രതിനിധാനം: ചില വിചാരങ്ങള്‍’ എന്ന വിഷയത്തില്‍ ഡോ. പി. വസന്തകുമാരി എന്നിവര്‍ പ്രബന്ധമവതരിപ്പിക്കും. കേരളത്തിന്റെ പാട്ടു പാരമ്പര്യത്തെക്കുറിച്ചുള്ള സെഷനില്‍ വി. ടി മുരളി, ഫൈസല്‍ എളേറ്റില്‍, ഡോ.എ.കെ അപ്പുക്കുട്ടന്‍, രവി വയനാട് എന്നിവര്‍ സംസാരിക്കും. തെയ്യം, ചവിട്ടുനാടകം തുടങ്ങിയവ യഥാക്രമം വൈ,വി. കണ്ണന്‍, റോയ് ജോര്‍ജ്ജ്കുട്ടി എന്നിവര്‍ അവതരിപ്പിക്കും. ഡോ.കെ.എം, ഭരതന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമാപന സമാപന സമ്മേളത്തില്‍ ഡോ.പി. പവിത്രന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നാണ് ചവിട്ടുനാടകം അരങ്ങേറുന്നത്.
മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്ന പ്രതിനിധികള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും സെമിനാറില്‍ പങ്കെടുക്കാമെന്ന് സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ 12 ന് ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെ 109 ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം മാര്‍ച്ച് 31 ന് സമാപിക്കും. ഗോവയിലെ എച് എച് ആര്‍ട് സ്‌പേസിന്റെ സഹകരണത്തോടെ നിഖില്‍ ചോപ്രയാണ് ബിനാലെ ആറാം പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത്. ഫോര്‍ ദി ടൈം ബിയിംഗ് എന്നതാണ് ഇത്തവണത്തെ ക്യൂറേറ്റര്‍ പ്രമേയം.

