കെ.പി.എം.എ പരിസ്ഥിതി അവാര്‍ഡുകള്‍ വിതരണം ചെയ്തു

കൊച്ചി: കേരള പ്ലാസ്റ്റിക് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.എം.എ) ന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി അവാര്‍ഡുകളുടെ വിതരണവും 27ാമത് വാര്‍ഷിക സമ്മേളന ഉദ്ഘാടനവും കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. നിക്ഷേപം ശക്തിപ്പെടാതെ കേരളം രക്ഷപെടില്ലെന്ന് മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘടാന പ്രസംഗത്തില്‍ പറഞ്ഞു. പൊതുസമൂഹത്തിന്റെ ഉന്നമനത്തിനായി ബിസിനസ് സമൂഹത്തിന്റെ സംഭാവനകള്‍ കാര്യക്ഷമമാക്കണം. കെ.പി.എം.എയുടെ നേതൃത്വത്തില്‍ കൊച്ചി നഗരത്തില്‍ പ്ലാസ്റ്റിക്ക് സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കെ.പി.എം.എയുടെ ഈ വര്‍ഷത്തെ പരിസ്ഥിതി അവാര്‍ഡ് ജേതാക്കളായ പത്തനംതിട്ട ക്ലീന്‍ കേരള കമ്പനിയും കോഴിക്കോട് ഒറിയോണ്‍ പോളിമേഴ്‌സ് ഉടമ ബാബു മടപ്പറമ്പിലും മേയറില്‍ നിന്നും 50,000 രൂപ വീതം ക്യാഷ് അവാര്‍ഡും മെമന്റോയും ഏറ്റുവാങ്ങി. കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പോളിമര്‍ സയന്‍സില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം മാര്‍ക്ക് വാങ്ങി വിജയിച്ച ബിടെക് വിദ്യാര്‍ഥിനി എം. ഫര്‍സാന, എം.ടെക് വിദ്യാര്‍ഥിനി ആഷ്‌ലി എല്‍ദോ എന്നിവര്‍ക്കുള്ള ക്യാഷ് അവാര്‍ഡും മേയര്‍ ചടങ്ങില്‍ സമ്മാനിച്ചു.

 

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, സിപെറ്റ് എന്നിവടങ്ങളില്‍ പോളിമര്‍ സയന്‍സില്‍ ഉന്നത നിലവാരത്തില്‍ പഠനം തുടരുന്ന 15 വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും ചടങ്ങില്‍ വിതരണം ചെയ്തു. കെ.പി.എം.എ ഡയറക്ടറി ബിപിസിഎല്‍ ചീഫ് ജനറല്‍ മാനേജര്‍ ജോര്‍ജ്ജ് തോമസ് ചടങ്ങില്‍ പ്രകാശനം ചെയ്തു.

കൊച്ചി റിനൈ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെപിഎംഎ പ്രസിഡന്റ് ജെ സുനില്‍ അധ്യക്ഷത വഹിച്ചു. സിപെറ്റ് കൊച്ചി ഡയറക്ടര്‍ ഡോ. കെ.എ രാജേഷ്, കെ.പി.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ജനറല്‍ സെക്ട്രറി പി.ബി. ഐ മുഹമ്മദ് അഷറഫ്, ട്രഷറര്‍ ഇ. സന്തോഷ് കുമാര്‍, സെക്രട്ടറി എ. എം കുഞ്ഞ് മൊയ്തീന്‍, സോണല്‍ പ്രസിഡന്റുമാരായ പി.ജെ ജോര്‍ജ്ജ്കുട്ടി, അജയന്‍, ബൈജു സക്കറിയ, മുന്‍ പ്രസിഡന്റുമാരായ പി.ജെ മാത്യു, എം.എസ് ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love