കെ സ്മാര്‍ട്ടില്‍ സ്മാര്‍ട്ടായി കേരളം

2024 ജനുവരി ഒന്നു മുതല്‍ 87 മുന്‍സിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും അടങ്ങുന്ന 93 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 3057611 ഫയലുകളാണ് ഇതിനോടകം കെസ്മാര്‍ട്ട് വഴി കൈകാര്യം ചെയിരിക്കുന്നത്. ഇതില്‍ 2311357 ഫയലുകളും തീര്‍പ്പാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.

 

 

തിരുവനന്തപുരം: ഡിജിറ്റല്‍ അഡ്മിനിസ്‌ട്രേഷന്റെ അടുത്ത തലമായി വിശേഷിപ്പിക്കപ്പെടുന്ന കെ സ്മാര്‍ട്ടിലൂടെ ഇതിനോടകം തീര്‍പ്പാക്കിയത് 23 ലക്ഷത്തിലധികം അപേക്ഷകള്‍. 2024 ജനുവരി ഒന്നു മുതല്‍ 87 മുന്‍സിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും അടങ്ങുന്ന 93 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 3057611 ഫയലുകളാണ് ഇതിനോടകം കെസ്മാര്‍ട്ട് വഴി കൈകാര്യം ചെയിരിക്കുന്നത്. ഇതില്‍ 2311357 ഫയലുകളും തീര്‍പ്പാക്കിയതായി അധികൃതര്‍ വ്യക്തമാക്കി. ആകെ കെസ്മാര്‍ട്ട് മുഖേന കൈകാര്യം ചെയ്ത ഫയലുകളുടെ 75.6 ശതമാനമാണ് ഇത്. 504712 ഫയലുകള്‍ നിലവില്‍ വിവിധ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുകയാണ്. ഈ ഫയലുകളുടെ അവസ്ഥ എന്താണെന്ന് ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ക്ക് അറിയാന്‍ നിലവില്‍ സംവിധാനം കെസ്മാര്‍ട്ടില്‍ ഒരുക്കിയിട്ടുണ്ട്. ഭാവിയില്‍ ഇത് അപേക്ഷകന് അറിയാനുള്ള സംവിധാനവും ഒരുങ്ങും. 2025 ഏപ്രിലോടെ ത്രിതല പഞ്ചായത്തുകളിലും കെസ്മാര്‍ട്ട് സേവനം ലഭ്യമാകുന്നതോടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകും.

കെ സ്മാര്‍ട്ടില്‍ നിലവില്‍ സിവില്‍ രജിസ്‌ട്രേഷന്‍ (ജനന മരണ വിവാഹ രജിസ്‌ട്രേഷന്‍), ബിസ്‌നസ് ഫെസിലിറ്റേഷന്‍ (വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള ലൈസന്‍സുകള്‍), വസ്തു നികുതി, യൂസര്‍ മാനേജ്‌മെന്റ്, ഫയല്‍ മാനേജ്‌മെന്റ് സിസ്റ്റം, ഫിനാന്‍സ് മൊഡ്യൂള്‍, ബില്‍ഡിങ്ങ് പെര്‍മിഷന്‍ മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം എന്നീ എട്ട് മൊഡ്യൂളുകളും ‘നോ യുവര്‍ ലാന്‍ഡ്’ ഫീച്ചറുമാണ് കെ സ്മാര്‍ട്ട് വഴി സേവനങ്ങള്‍ നല്‍കാനായി ലഭ്യമായിട്ടുള്ളത്. അടുത്ത ഘട്ടത്തില്‍ പ്ലാനിങ്ങ് മൊഡ്യൂള്‍, ഗ്രാമസഭ മീറ്റിങ്ങ് മാനേജ്‌മെന്റ്, പെന്‍ഷന്‍ സേവനങ്ങള്‍, സര്‍വേ ആന്‍ഡ് ഫോംസ്, പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, വെയിസ്റ്റ് മാനേജ്‌മെന്റ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും കെ സ്മാര്‍ട്ട് വഴി ലഭ്യമാകും. ഇന്ത്യയില്‍ ആദ്യമായി ബില്‍ഡിങ്ങ് പെര്‍മിഷന്‍ മൊഡ്യൂളിലും ‘നോ യുവര്‍ ലാന്‍ഡ്’ ആപ്പിലും ജിഐഎസ് റൂള്‍ എഞ്ചിനും ഇഡിസിആര്‍ റൂള്‍ എഞ്ചിനും കെ സ്മാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വ്യത്യസ്ത സ്ഥലങ്ങളില്‍ ഉള്ള ദമ്പതിമാര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിന് രാജ്യത്താദ്യമായി വീഡിയോ കെ.വൈ.സി അവതരിപ്പിച്ചതും കെ സ്മാര്‍ട്ടാണ്. കൂടുതല്‍ മൊഡ്യൂളുകള്‍ ഇത്തരത്തില്‍ സേവനങ്ങള്‍ക്കായി കൂട്ടിച്ചേര്‍ക്കാനുള്ള പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്.

കെ സ്മാര്‍ട്ട് വഴി പൊതുജനങ്ങള്‍ ആവശ്യപ്പെടുന്ന രേഖകള്‍ വാട്‌സ്ആപ്പ് വഴി ലഭ്യമാക്കാന്‍ വേണ്ട വാട്‌സ്ആപ്പ് ഇന്റഗ്രേഷന്‍ പ്രോസസും പുരോഗമിക്കുകയാണ്. കെ സ്മാര്‍ട്ട് ആപ്പ് വഴി അപേക്ഷിക്കുന്ന ജനനം, മരണം, വിവാഹം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കെ സ്മാര്‍ട്ട് ആപ്പിനൊപ്പം ഉപഭോക്താക്കളുടെ വാട്‌സ് ആപ്പ് നമ്പറിലും നിലവില്‍ ലഭ്യമാകും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മുഴുവന്‍ സേവനങ്ങളും ഒരൊറ്റ മൊബൈല്‍ ആപ്പിലൂടെ ഏതൊരു പൗരനും ലഭ്യമാവുന്ന രീതിയിലുള്ള വിപ്ലവകരമായൊരു ഡിജിറ്റല്‍ അഡ്മിനിസ്‌ട്രേഷനിലേക്കുള്ള മാറ്റം ലക്ഷ്യം വച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ മുഖേന കെ സ്മാര്‍ട്ട് പദ്ധതി രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കിയത്. മുഴുവന്‍ ഫീച്ചറുകളും നടപ്പിലാകുന്ന ഘട്ടത്തില്‍ പ്രഡിക്ടീവ് ഗവേര്‍ണന്‍സ് എന്ന നിലയിലേക്ക് സേവനം നല്‍കാനും കെ സ്മാര്‍ട്ടിന് കഴിയും. ഒരു പൗരന് ആവശ്യമായ രേഖകള്‍ കണ്ടറിഞ്ഞ് ആവശ്യമായ ഘട്ടത്തില്‍ ലഭ്യമാക്കുന്ന രീതിയിലെ പ്രവര്‍ത്തനമാണ് കെ സ്മാര്‍ട്ട് ഇതുവഴി വിഭാവനം ചെയ്യുന്നത്.

 

Spread the love