ത്രിതല പഞ്ചായത്തുകളിലും കെസ്മാര്‍ട്ട്; ഇനി കേരളം ട്രിപ്പിള്‍ സ്മാര്‍ട്ട്

കെസ്മാര്‍ട്ട് ത്രിതല പഞ്ചായത്തുകളില്‍ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം: ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ മുഖമായ കെസ്മാര്‍ട്ടിന്റെ സേവനം ത്രിതല പഞ്ചായത്തുകളിലേക്ക് കൂടി വ്യാപിപ്പിച്ചതോടെ ഇനി കേരളം ട്രിപ്പിള്‍ സ്മാര്‍ട്ട്. തിരുവനന്തപുരം, കവടിയാര്‍ ഉദയ് പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെസ്മാര്‍ട്ട് ത്രിതല പഞ്ചായത്തുകളില്‍ വിന്യസിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു.മാറുന്ന കാലത്തിനനുസരിച്ചുള്ള സാങ്കേതികവിദ്യയ്‌ക്കൊപ്പം സിവില്‍ സര്‍വീസിനെ നവീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് കെസ്മാര്‍ട്ട് മുഖേനെയുള്ള സേവനങ്ങള്‍ എല്ലാ പഞ്ചായത്ത് തലങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ശാസ്ത്ര സാങ്കേതിക വിദ്യകള്‍ മനുഷ്യ നന്മയ്ക്കും സാമൂഹിക പരിവര്‍ത്തനത്തിനുമാണ് ഉപയോഗിക്കേണ്ടത്. അതാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. സാങ്കേതികവിദ്യയുടെ വികാസം ക്രിയാത്മകമായി പ്രയോജനപ്പെടുത്തുകയും യുവതയുടെ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഒരു വിജ്ഞാന സമ്പദ്ഘടനയും അതിനനുസൃതമായ നൂതനത്വ സമൂഹവുമായി കേരളത്തെ പരിവര്‍ത്തിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ മികവാര്‍ന്ന രീതിയിലാണ് നടപ്പാക്കുന്നത്. ലൈഫ് മിഷന്‍ മുഖേന വീടുകള്‍, മാലിന്യ നിര്‍മാര്‍ജ്ജനം, അതി ദാരിദ്ര്യ നിര്‍മാര്‍ജ്ജനം തുടങ്ങിയവ ഇത്തരത്തിലുള്ള നല്ല പ്രവര്‍ത്തനങ്ങളാണ്. അതിന്റെ ഭാഗമായാണ് 2024 ജനുവരി 1ന് കെസ്മാര്‍ട്ടിന് തുടക്കം കുറിച്ചത്. വളരെ കാര്യക്ഷമമായി നടക്കാനിടയുള്ള ഒരു സംവിധാനമാണിത് എന്ന പ്രതീക്ഷയാണ് അന്നുണ്ടായിരുന്നത്.

ഒരു വര്‍ഷം കോര്‍പ്പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഇത് നടപ്പാക്കി വിജയിച്ചതോടെയാണ് കെസ്മാര്‍ട്ട് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തുകളിലും 14 ജില്ലാ പഞ്ചായത്തുകളിലും കൂടി കെസ്മാര്‍ട്ട് എത്തുന്നതോടെ കേരളമാകെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും സേവനങ്ങള്‍ക്കായി ഇനി പൊതുജനങ്ങള്‍ക്ക് ഓഫീസുകളിലേക്ക് നേരിട്ട് പോകേണ്ടതില്ല.ചടങ്ങില്‍ തദ്ദേശ സ്വയംഭരണം, എക്‌സൈസ്, പാര്‍ലമെന്ററികാര്യം വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐ.കെ.എം) ചീഫ് മിഷന്‍ ഡയറക്ടര്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു,തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി.വി അനുപമ, ഐ.കെ.എം കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ടിമ്പിള്‍ മാഗി പി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു