ഗ്ലോബല്‍ സൗത്തിലെ തണ്ണീര്‍ത്തട സംരക്ഷണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി ബെല്‍ജിയത്തിലെ ഹസ്സെല്‍ട് സര്‍വകലാശാലയുടെ ഡി.ഐ.ഒ.എസ് ധനസഹായത്തോടുകൂടി നടപ്പിലാക്കുന്ന 2 വര്‍ഷം ദൈര്‍ഘ്യമുള്ള പദ്ധതിയില്‍ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര തണ്ണീര്‍ത്തട മേഖലാ വിദഗ്ധരെ ഒന്നിപ്പിക്കും.
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ് ) തണ്ണീര്‍ത്തട ഏകാരോഗ്യ നിരീക്ഷണത്തിനുള്ള ഭൂഖണ്ഡാന്തര ഗവേഷണ കൂട്ടായ്മയില്‍ പങ്കാളിയാകുന്നു. ഉഷ്ണ മേഖല തണ്ണീര്‍ത്തട സംരക്ഷണത്തിനു വേണ്ടിയിട്ടുള്ള ഏകാരോഗ്യ നിരീക്ഷണനയരൂപീകണം ലക്ഷ്യമിട്ട് ബെല്‍ജിയത്തിലെ ഹസ്സെല്‍ട് സര്‍വകലാശാല നേതൃത്വം കൊടുക്കുന്ന സര്‍വകലാശാലകളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര കൂട്ടായ്മയായ ‘വണ്‍ ഹെല്‍ത്ത് മോണിറ്ററിങ് ആന്‍ഡ് സയന്‍സ് പോളിസി ഇന്റര്‍ഫേസ് ഇന്‍ ദി മാനേജ്മന്റ് ഓഫ് ട്രോപ്പിക്കല്‍ വെട്‌ലാന്‍ഡ്‌സി ‘ല്‍ റോയല്‍ ബെല്‍ജിയം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നാച്ചുറല്‍ സയന്‍സസ്,ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓഫ് നെതര്‍ലന്‍ഡ്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണ്‍, യൂണിവേഴ്‌സിറ്റി ഡി ലുബുമ്പഷി എന്നിവരും പങ്കാളികളാണ്. ഗ്ലോബല്‍ സൗത്തിലെ തണ്ണീര്‍ത്തട സംരക്ഷണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി ബെല്‍ജിയത്തിലെ ഹസ്സെല്‍ട് സര്‍വകലാശാലയുടെ ഡി.ഐ.ഒ.എസ് ധനസഹായത്തോടുകൂടി നടപ്പിലാക്കുന്ന 2 വര്‍ഷം ദൈര്‍ഘ്യമുള്ള പദ്ധതിയില്‍ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര തണ്ണീര്‍ത്തട മേഖലാ വിദഗ്ധരെ ഒന്നിപ്പിക്കും.
ട്രാന്‍സ് ഡിസ്സിപ്ലിനറി ‘ഏകാരോഗ്യ മാതൃക’, മനുഷ്യനും മൃഗങ്ങളും പരിസ്ഥിതിയും തമ്മിലുള്ള പരസ്പര പൂരകമായ ആരോഗ്യത്തെ സമഗ്രമായി പഠിക്കാനുള്ള അവസരം നല്‍കും. പ്രകൃതിയും മനുഷ്യാരോഗ്യവും തമ്മിലുള്ള ബന്ധത്തെ സമൂഹം എങ്ങനെ വീക്ഷിക്കുന്നു എന്ന് മനസ്സിലാക്കി, രോഗകാരികളുടെ പാരിസ്ഥിതിക ശാസ്ത്രത്തെക്കുറിച്ചുള്ള അറിവും സംയോജിപ്പിച്ച് കൊണ്ട് മനുഷ്യാരോഗ്യത്തിന്റെയും ആവാസവ്യവസ്ഥയുടെയും കൂടുതല്‍ ഫലപ്രദമായ നിയന്ത്രണത്തിനുള്ള വലിയ സാധ്യതകള്‍ സൃഷ്ടിക്കുക എന്നതാണ് ‘ഏകാരോഗ്യ സമീപന’ത്തിലൂടെ ഉദ്ദേശിക്കുന്നത്. ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും ഐ യു സി എന്‍ ഫ്രഷ്വാട്ടര്‍ ഫിഷ് സ്‌പെഷ്യലിസ്‌റ് ഗ്രൂപ്പ് ന്റെ ദക്ഷിണേഷ്യാ ചെയറും ആയ ഡോ. രാജീവ് രാഘവന്‍, ആക്വാറ്റിക് എന്‍വയോണ്‍മെന്റ് മാനേജ്‌മെന്റ് വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. കെ. രഞ്ജീത് എന്നിവരുടെ നേതൃത്വത്തിലാണ് കുഫോസില്‍ ഈ പദ്ധതി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഉഷ്ണമേഖലാ തണ്ണീര്‍ത്തടങ്ങളുടെ ഏകാരോഗ്യ നിരീക്ഷണം എന്ന വിഷയത്തില്‍ ഒരു ഇന്‍ഡോയൂറോപ്യന്‍ പരിശീലന പരിപാടി ഡിസംബര്‍ 8 മുതല്‍ 13 വരെ കുഫോസില്‍ സംഘടിപ്പിക്കും. .
3 രാജ്യങ്ങളില്‍ നിന്നും 12 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി 35 പേര്‍ ഏകാരോഗ്യ ആശയത്തിന്റെ വിവിധ വശങ്ങളിലും തണ്ണീര്‍ത്തട സംരക്ഷണനിയന്ത്രണത്തില്‍ അതിന്റെ പ്രായോഗികത എന്നിവയില്‍ പരിശീലനം നേടും. കുഫോസ്, ഹസ്സെല്‍റ്റ് സര്‍വകലാശാല, വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ , കെ.എസ്.സി.എസ്.ടി.ഇ. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ചെക്ക് റിപ്പബ്ലിക്ക്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ വെട്‌ലാന്‍ഡ് , വണ്‍ഹെല്‍ത്ത് വിദഗ്ധര്‍ സാങ്കേതിക സെഷനുകള്‍ നയിക്കും. പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ ഭാവി തലമുറകള്‍ക്കായി തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ആഗോള ശ്രമങ്ങളുടെ മുന്‍ നിരയില്‍ കുഫോസും കടന്നു വരും.’എന്ന് കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ്. എ. ബിജു കുമാര്‍ പറഞ്ഞു.

