കൊച്ചി: അനധികൃതമായി വാഹനങ്ങളില്‍ കച്ചവടം നടത്തിയതിനെ ചോദ്യം ചെയ്ത വ്യാപാരികളെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും ഇത്തരം പ്രവണത ഇനിയും തുടര്‍ന്നാല്‍ ഇതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പ്രദീപ് ജോസ് പറഞ്ഞു. കല്‍പ്പറ്റയില്‍ വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ വാഹനങ്ങളില്‍ കച്ചവടം നടത്തിയതിനെ ചോദ്യം ചെയ്ത കല്‍പ്പറ്റ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഇ. ഹൈദ്രു, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് സി. എച്ച് ഷൈജല്‍, കല്‍പ്പറ്റ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ബാവ എന്നിവരെ മര്‍ദ്ദിച്ചത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. എറണാകുളം കത്രിക്കടവിലും അടുത്തിടെ സമാന രീതിയിലുള്ള സംഭവം ഉണ്ടായിരുന്നു. അനധികൃതമായ വഴിയോരങ്ങളിലും വാഹനങ്ങളിലും നടത്തുന്ന കച്ചവടം അവസാനിപ്പിക്കാന്‍ ഇനിയും അധികൃതര്‍ തയ്യാറായില്ലെങ്കില്‍ കേരളം ഇന്നേ വരേ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രക്ഷോഭത്തിലേക്ക് വ്യാപാരികള്‍ നീങ്ങുമെന്നും പ്രദീപ് ജോസ്. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി കെ.സി.മുരളീധരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ബേബി, ട്രഷറര്‍ അജ്മല്‍ കാമ്പായി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ശ്രീനാഥ് മംഗലത്ത്, ജംഷീര്‍ വാഴയില്‍ എന്നിവര്‍ പറഞ്ഞു.

