കൊച്ചി: വാഹനങ്ങളിലും പെട്ടിവണ്ടികളിലും വര്‍ധിച്ചുവരുന്ന വഴിയോരക്കച്ചവടം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് ആവശ്യപ്പെട്ടു. കേരള വ്യാപാരിവ്യവസായി ഏകോപനസമിതി പള്ളുരുത്തി യൂണിറ്റ് ക്രിസ്മസ്, പുതുവല്‍സരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യാപാരികളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് വാഹനങ്ങളിലെ വഴിയോരക്കച്ചവടം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. മോട്ടോര്‍ വാഹന വകുപ്പും സര്‍ക്കാരും ഇത് കണ്ടില്ലെന്ന് നടക്കുകയാണ്. ഇനിയും ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ വ്യാപാരികള്‍ ശക്തമായ സരമവുമായി രംഗത്തുവരുമെന്നും പ്രദീപ് ജോസ് പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് പി.സി.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് വിംഗ് ജില്ല ട്രഷറര്‍ അജ്മല്‍കാമ്പായി ക്രിസ്മസ് സന്ദേശം നല്‍കി. യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ.പി.ജയിന്‍, ട്രഷറര്‍ ടി.എം.ഇബ്രാഹിം, വി.ഇ.മാത്യു, ഡെന്നി തോമസ്, കെ.യു.ജബീബ്, പി.എ.ഷാനവാസ്, കെ.എസ്.അജിത്ത്കുമാര്‍ കെ.യു.സുധീര്‍, വി.ഉദയന്‍, അന്ന ബാബു, പി.പി.വിനീത, മില്‍ട്ടന്‍ ഡിക്കോത്ത തുടങ്ങിയവര്‍ സംസാരിച്ചു. ചലചിത്ര പിന്നണി ഗായകന്‍ പ്രദീപ് പള്ളുരുത്തി, വി.ഉദയന്‍ എന്നിവര്‍ സംഗീത പരിപാടിയും നടത്തി.