വനിതാ ദിനത്തില്‍ ലഹരിക്കെതിരെ റാലി നടത്തി കെവിവിഇഎസ് വനിതാ വിംഗ്
കൊച്ചി: കൊച്ചിയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ലഹരിക്കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളതെന്നും യുവതലമുറയിലെ ലഹരി ഉപയോഗം അപകടകരമായ വിധം കൂടിവരുന്നത് കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തടയണമെന്നും നാര്‍ക്കോട്ടിക് സെല്‍ കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ സലാം പറഞ്ഞു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ലോക വനിതാദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം രാജേന്ദ്രമൈതാനത്ത് നടത്തിയ ലഹരി വിരുദ്ധ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2500 ഓളം ലഹരിക്കേസുകളാണ് കഴിഞ്ഞവര്‍ഷം കൊച്ചി നഗരത്തില്‍ പിടിച്ചത്. ഇതില്‍ 44 കേസുകള്‍ 20 കിലോയില്‍ക്കൂടുതലുള്ളതും 120 കേസുകള്‍ 10 കിലോയ്ക്കും 20 കിലോയ്ക്കും ഇടയിലുള്ള കേസുകളുമായിരുന്നു. ദിനം പ്രതി ഇപ്പോഴും ലഹരികള്‍ പിടികൂടിക്കൊണ്ടിരിക്കുകയാണെന്നും എസിപി അബ്ദുള്‍ സലാം പറഞ്ഞു.
എം.ഡി.എം.എ പോലുള്ള മാരകമായ രാസലഹരികളുടെ ഉപയോഗമാണ് യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നത്. ലഹരിയുടെ വ്യാപനം തടയാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. മാതാപിതാക്കളും അധ്യാപകരും കുട്ടികളുടെ കാര്യത്തില്‍ സദാസമയവും ജാഗ്രത പുലര്‍ത്തണം പ്രത്യേകിച്ച് കൗമാര കാലഘട്ടത്തില്‍. ഇവരുടെ കൂട്ടുകെട്ടുള്‍പ്പെടെയുളള കാര്യങ്ങളില്‍ മാതാപിതാക്കളും അധ്യപകരും എപ്പോഴും ശ്രദ്ധപുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് ജയാ പീറ്റര്‍ അധ്യക്ഷത വഹിച്ചു. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി ജേക്കബ്ബ് ലഹരി വിരുദ്ധ സന്ദേശ റാലി ഫ് ളാഗ് ഓഫ് ചെയ്തു.ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എ.ജെ റിയാസ് മുഖ്യപ്രഭാഷണം നടത്തി. എകോപന സമിതി ജില്ലാ ട്രഷറര്‍ സി.എസ് അജ്മല്‍, ജില്ലാ വൈസ് പ്രസിഡന്റും വനിതാ വിംഗ് കോര്‍ഡിനേറ്ററുമായ എം. സി പോള്‍സണ്‍, വൈസ് പ്രസിഡന്റുമാരായ അബ്ദുള്‍ റസാഖ്, അസീസ് മൂലയില്‍, ജില്ലാ സെക്രട്ടറിമാരായ എന്‍.വി പോളച്ചന്‍, ടി.പി റോയി, ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എ നാദിര്‍ഷ, വനിതാ വിംഗ് ജനറല്‍ സെക്രട്ടറി സീന സജീവ്, ട്രഷറര്‍ സുനിത വിനോദ് സംസ്ഥാന വൈസ് പ്രസിഡന്റ് മായ ജേക്കബ്ബ്, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ്, ട്രഷറര്‍ അജ്മല്‍ കാമ്പായി തുടങ്ങിയവര്‍ സംസാരിച്ചു.