കൊച്ചി:വരാപ്പുഴ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം ലൂര്‍ദ് ആശുപത്രി അറുപതിന്റെ നിറവില്‍. ഡിസംബര്‍ 20 ന് ആശുപത്രിയില്‍ വിപുലമായ ആഘോഷം സംഘടിപ്പിക്കുമെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് സെക്ക്വീര, അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പോള്‍ പുത്തൂരാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 60 ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ലൂര്‍ദ്ദ് ആശുപത്രി ‘ ലെഗാമെ 24 ‘ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ആഘോഷത്തിലൂടെ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിക്കുമെന്ന് ഫാ. ജോര്‍ജ്ജ് സെക്ക്വീര പറഞ്ഞു.
1965 ലാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. ഈ മാസം 20 (ഡിസംബര്‍) ന് വൈകുന്നേരം 4.30ന്് നടക്കുന്ന ചടങ്ങില്‍ ലൂര്‍ദ് സ്ഥാപനങ്ങളിലെ രണ്ടായിരത്തില്‍പ്പരം ജീവനക്കാരെ അണിനിരത്തിയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ആശുപത്രി ജീവനക്കാര്‍ സംയുക്തമായി തയ്യാറാക്കിയ ക്രിസ്തുമസ് കേക്ക് ഒരുമിച്ച് മുറിച്ച് പരസ്പരം പങ്കിട്ടും, പ്രതിജ്ഞ എടുത്തും, സുംബാ ഡാന്‍സ് കളിച്ചുമാണ് അറുപതാം ആഘോഷം സംഘടിപ്പിക്കുന്നത്. വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ചരിത്രത്തില്‍ 152 രാജ്യങ്ങളില്‍ ഇത് ആദ്യമായാണ് ഒരു ആശുപത്രി ഇത്തരത്തില്‍ ആഘോഷം സംഘടിപ്പിച്ച് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കുന്നതെന്ന് ഫാ. ജോര്‍ജ്ജ് സെക്ക്വീര പറഞ്ഞു.
ലൂര്‍ദ് സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ കാലം സേവനം ചെയ്ത 60 ജീവനക്കാരെ ആദരിക്കും. കൂടാതെ ലൂര്‍ദ് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി സൗജന്യ രക്ത പരിശോധന ക്യാമ്പ്, പുതിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി എന്നവയും ആരംഭിക്കും. സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ 60 സ്‌പെഷ്യലൈസ്ഡ് മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ പകര്‍ന്നു നല്‍കുന്നതിനായി ലൂര്‍ദ് ആശുപത്രിയിലും അനുബന്ധ സ്ഥാപനങ്ങളിലും 60 വൃക്ഷത്തൈകള്‍ നടും. പ്രഗല്‍ഭരായ 60 ഡോക്ടര്‍മാരുടെ ആരോഗ്യസംബന്ധമായ ലേഖനങ്ങളടങ്ങിയ പുസ്തകത്തിന്റെ പ്രകാശനവും ഉണ്ടാകുമെന്നും ഫാ. ജോര്‍ജ്ജ് സെക്ക്വീര പറഞ്ഞു. ഡോ. ജോയിസ് വര്‍ഗ്ഗീസ്, എച്ച്ആര്‍ മാനേജര്‍ അന്ന സിജി ജോര്‍ജ്ജ്, റിലേഷന്‍സ് ഓഫിസര്‍ റ്റിറ്റ്‌സണ്‍ ദേവസി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.