റേഡിയല്‍ ലോഞ്ച്ജൂണ്‍ 13 ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും
കൊച്ചി: ഹൃദ്രോഗചികില്‍സയില്‍ പുതിയ കാല്‍വെയ്പ്പുമായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി. പ്രധാനനാഡികളിലൂടെ ആന്‍ജിയോഗ്രാം ആവശ്യമായി വരുന്ന ഹൃദ്രോഗികള്‍ക്കായി ആധുനിക രീതിയില്‍ രൂപകല്‍പ്പന ചെയ്ത ‘ റേഡിയല്‍ ലോഞ്ച് ‘ നാളെ (ജൂണ്‍ 13,വെള്ളി) രാവിലെ 11 ന് സൗത്ത് ബ്ലോക്കില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി ലൂയിസ് അധ്യക്ഷത വഹിക്കും. ഡയറക്ടര്‍മാരായ ഡോ.പി. വി തോമസ്, പി.വി സേവ്യര്‍ എന്നിവരും ഡോക്ടര്‍മാരായ ഡോ. രാജശേഖര്‍ വര്‍മ്മ, ഡോ. സജി വി.കുരുട്ടുകുളം, ഡോ. മനു ആര്‍ വര്‍മ്മ, ഡോ.കെ.എസ് ഗോപകുമാര്‍, ഡോ.അരുണ്‍കുമാര്‍ ഗോപാലകൃഷ്ണപിള്ള തുടങ്ങിയവരും പങ്കെടുക്കും. ആന്‍ജിയോഗ്രാമിന് മുമ്പും ശേഷവും രോഗികള്‍ക്ക് സമ്മര്‍ദ്ദവും ആശങ്കകളും ഇല്ലാതെ സുഖപ്രദമായ അന്തരീക്ഷം ഒരുക്കി നല്‍കുകയെന്നതാണ് റേഡിയല്‍ ലോഞ്ചിന്റെ പ്രധാന ലക്ഷ്യം.
ഹൃദ്രോഗവിദഗ്ദര്‍, നേഴ്‌സുമാര്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമഗ്രപരിചരണവും റേഡിയല്‍ ലോഞ്ചില്‍ രോഗികള്‍ക്ക് ലഭ്യമാകും. ആന്‍ജിയോ ഗ്രാമിന് വിധേയമാകുന്ന രോഗിയെ അതിനു മുമ്പായി റേഡിയല്‍ ലോഞ്ചിലെത്തിച്ച് മാനസികമായി തയ്യാറാക്കിയതിനുശേഷം നടപടി പൂര്‍ത്തിയാക്കി തിരികെ വീണ്ടും ഇതേ ലോഞ്ചിലേത്തിച്ച് നിരീക്ഷണം തുടരുകയും സ്വതന്ത്രമായി നടത്തിച്ച് തുടര്‍ ചികില്‍സയുടെ കാര്യങ്ങള്‍ ഉള്‍പ്പെടെ രോഗിയെ ബോധ്യപ്പെടുത്തുകയും ചെയ്യും.ആന്‍ജിയോഗ്രാമിന് വിധേയമാകുന്ന രോഗിയ്ക്ക് റേഡിയല്‍ ലോഞ്ചിലെ പരിചരണത്തിനു ശേഷം സുഖാനുഭവവുമായി അന്നു തന്നെ ആശുപത്രി വിടാമെന്നതാണ് മറ്റൊരു സവിശേഷത. റേഡിയല്‍ ആര്‍ട്ടറി വഴി നടത്തുന്ന ചികില്‍സ രക്തസ്രാവത്തിന്റെ സാധ്യതയും അനുബന്ധ ദൂഷ്യങ്ങളും ഗണ്യമായി കുറയ്ക്കുന്നുവെന്നു മാത്രമല്ല രോഗികള്‍ക്ക് ആയാസമില്ലാതെ വേഗത്തില്‍ നടന്നു തുടങ്ങാന്‍ കഴിയും. ‘റേഡിയല്‍ ലോഞ്ച് ‘ ഉദ്ഘാടനത്തോടനുബന്ധിച്ച് വരുന്ന മൂന്നു മാസം ഡേ കെയര്‍ ആന്‍ജിയോഗ്രാം സേവനം കേവലം പതിനായിരം രൂപയ്ക്ക് ലഭ്യമാക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി.വി ലൂയിസ് അറിയിച്ചു.