ഹെല്‍ത്ത് ജേര്‍ണലിസത്തിന്റെ പ്രസക്തി വര്‍ധിച്ചു : ജസ്റ്റിസ്. ദേവന്‍ രാമചന്ദ്രന്‍ 

നാഷണല്‍ ഹെല്‍ത്ത് ജേര്‍ണലിസം സമ്മിറ്റ്  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു. എം ഷജില്‍ കുമാര്‍, ബെന്നി ബഹനാന്‍ എം പി, ആര്‍ ഗോപകുമാര്‍, ഹൈബി ഈഡന്‍ എം പി , ഡോ.എസ് കെ അബ്ദുള്ള, ഡോ. നളന്ദ ജയകുമാര്‍, ഡോ. ജുനൈദ് റഹ്മാന്‍ എന്നിവര്‍ സമീപം
കൊവിഡ് കാലത്ത്, മാതൃകാപരമായ മാധ്യമ പ്രവര്‍ത്തനമാണ് കേരളം കണ്ടത്.
കൊച്ചി:  ആരോഗ്യ  രംഗത്തെ വിവരങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ലളിതമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്, മാധ്യമങ്ങളിലൂടെയാണെന്നും, പൊതുജനങ്ങള്‍ക്കും, വൈദ്യശാസ്ത്ര സമൂഹത്തിനും ഇടയിലുള്ള അന്തരം നികത്തുന്നത്, ഹെല്‍ത്ത് ജേര്‍ണലിസമാണെന്നും, ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ്. ദേവന്‍ രാമചന്ദ്രന്‍. കൊച്ചി ഐഎംഎ ഹൗസില്‍, ‘മെഡി മീഡിയ’ ദേശീയ ഹെല്‍ത്ത് ജേര്‍ണലിസം സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസ്റ്റര്‍ മെഡ്‌സിറ്റി, എറണാകുളം പ്രസ്സ് ക്ലബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ചാപ്റ്റര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ‘മെഡി മീഡിയ’ എന്ന പേരില്‍ ആരോഗ്യ മാധ്യമപ്രവര്‍ത്തകരുടെ ദ്വിദിന ദേശീയ  സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഹെല്‍ത്ത് ജേര്‍ണലിസത്തിന്റെ പ്രസക്തി കൊവിഡ് മഹാമാരിക്ക് ശേഷം കൂടുതല്‍ വര്‍ധിച്ചതായും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കൊവിഡ് കാലത്ത്, മാതൃകാപരമായ മാധ്യമ പ്രവര്‍ത്തനമാണ് കേരളം കണ്ടത്. ഉത്തരവാദിത്തപ്പെട്ട മാധ്യമപ്രവര്‍ത്തനം എന്തെന്ന് മഹാമാരിക്കാലം നമുക്ക് കാണിച്ചു തന്നതായും, അതിന് അവര്‍ പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് വിവരാധിക്യം ഒരു പ്രധാന വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, മാധ്യമങ്ങള്‍ക്ക് അവര്‍ നല്‍കുന്ന വാര്‍ത്തകളുടെ മേലുള്ള ഉത്തരവാദിത്തത്തെയും പ്രത്യേകം എടുത്തുകാട്ടി.

ആരോഗ്യ, നിയമ, മാധ്യമ മേഖലകളിലെ വിദഗ്ദ്ധരെ ഒരുമിപ്പിച്ച്, ആരോഗ്യ സംരക്ഷണ രംഗത്ത് വര്‍ദ്ധിച്ചു വരുന്ന താല്പര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും, അതിനെ പരിപോഷിപ്പിക്കുകയുമാണ്, നാഷണല്‍ ഹെല്‍ത്ത് ജേര്‍ണലിസം സമ്മിറ്റിന്റെ ലക്ഷ്യമെന്ന്, ആസ്റ്റര്‍ മെഡ്‌സിറ്റി സി.ഇ.ഒ. ഡോ. നളന്ദ ജയദേവ് പറഞ്ഞു. എറണാകുളം എം.പി. ഹൈബി ഈഡന്‍, ചാലക്കുടി എം.പി. ബെന്നി  ബെഹനാന്‍, കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് കെ. പി റെജി, എറണാകുളം പ്രസ്സ് ക്ലബ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍, പ്രസ്സ് ക്ലബ് സെക്രട്ടറി എം. ഷജില്‍ കുമാര്‍, ലേക്ക്‌ഷോര്‍ ആശുപത്രി എം.ഡി. എസ്. കെ അബ്ദുള്ള, ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍, ഡോ. ജൂനൈദ് റഹ്മാന്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പതോളം മാധ്യമപ്രവര്‍ത്തകരാണ്, ആരോഗ്യരംഗത്തെ നിര്‍ണായകമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും, ഉത്തരവാദിത്വമുള്ള ഹെല്‍ത്ത് റിപ്പോര്‍ട്ടിംഗ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി നടക്കുന്ന, രണ്ട് ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് നടന്ന വിവിധ സെഷനുകളില്‍, ‘പ്രിസ്‌െ്രെകബിങ് ദി റൈറ്റ് ഡോസേജ്”, ‘സെക്കന്‍ഡ് വിക്ടിം’, ‘നാവിഗേറ്റിങ് ഗ്രേ സോണ്‍സ്’  തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ ആരോഗ്യ, നിയമ, മാധ്യമ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
സെപ്തംബര്‍ 21 ഞായറാഴ്ച രാവിലെ 7 മണിക്ക്,  അബ്ദുല്‍ കലാം മാര്‍ഗില്‍ നിന്ന് ആരംഭിക്കുന്ന ‘ഹെല്‍ത്തി സ്‌റ്റെപ്പ്‌സ് അറ്റ് മറൈന്‍ ഡ്രൈവ്’ എന്ന പേരിലുള്ള പ്രഭാത നടത്ത പരിപാടിയില്‍, സമ്മേളന പ്രതിനിധികള്‍ നഗരത്തിലെ പ്രമുഖ വ്യക്തികളോടൊപ്പം പങ്കെടുക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമാപനച്ചടങ്ങ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍ മുഖ്യാതിഥിയായിരിക്കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു