കൊച്ചി: ഇനിമുതല്‍ കറികള്‍ക്ക് കടുക് വറുക്കാന്‍ അല്പം ‘കാട്ടുകടുക്’ ആയാലോ? കാട്ടുകടുക് വാങ്ങാന്‍ കൊച്ചി മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ 30 വരെ നടക്കുന്ന സഹകരണ എക്സ്പോയിലേയ്ക്ക് വന്നാല്‍ മതി. അട്ടപ്പാടിയിലെ കുറുമ്പ പട്ടികവര്‍ഗ സേവന സഹകരണ സംഘത്തിന്റെ സ്റ്റാളിലാണ് കാട്ടുകടുകും ചാമയരിയുമെല്ലാം ലഭിക്കുന്നത്. ഔഷധഗുണമുള്ളതും പോഷകസമൃദ്ധവുമായ മുളയരിയും ഈ സ്റ്റാളില്‍ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഒരു മുളങ്കൂട്ടത്തില്‍ നിന്നും മുളയരി ലഭ്യമാകുക. കുങ്കല്യം എന്ന് കുറുമ്പര്‍ വിളിക്കുന്ന കുന്തിരിക്കത്തിന്റെ വലിയ കട്ടകളും ഈ സ്റ്റാളില്‍ നിന്നും മിതമായ വിലയ്ക്ക് വാങ്ങാന്‍ കഴിയും.സൈലന്റ് വാലിയുടെ ഔഷധഗുണങ്ങളുള്ള കാട്ടുതേന്‍ ആണ് സ്റ്റാളിലെ മറ്റൊരു പ്രധാന ആകര്‍ഷണം. വര്‍ഷത്തില്‍ ആറുമാസമേ മധുരമുള്ള തേന്‍ ലഭ്യമാകുകയുള്ളൂവെന്ന് സഹകരണ സംഘം ജീവനക്കാര്‍ പറയുന്നു.
ഞാവല്‍ മരങ്ങള്‍ പൂക്കുന്ന കാലമായാല്‍ തേനിന് കയ്പ്പും ചവര്‍പ്പും കലര്‍ന്ന രുചിയായി മാറും. ുടികഴുകാന് ഉപയോഗിക്കുന്ന ചീനിക്കാപ്പൊടിയാണ് മറ്റൊരു പ്രധാന ഉല്പന്നം. താളിപോലെ മുടിയ്ക്ക് ദോഷകരമല്ലാത്ത പ്രകൃതിദത്തമായ ഒരു ഷാമ്പൂ ആണ് ചീനിക്കാപ്പൊടി. ചീനിക്ക അങ്ങനെതന്നെ വാങ്ങേണ്ടവര്‍ക്കായി അതും വില്പനയ്ക്കുണ്ട്. കാട്ടുകടുക്, റാഗി, ചാമയരി എന്നിവ സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിചെയ്യുകയാണ് ചെയ്യുന്നത്. വനവിഭവങ്ങള്‍ വില്‍ക്കുന്നതിനായി അട്ടപ്പാടിയില്‍ രണ്ട് ഷോപ്പുകളും സഹകരണ സംഘത്തിനുണ്ട്.കുറുമ്പ സമുദായത്തിലുള്ളവര്‍ താമസിക്കുന്ന പതിനെട്ട് ഊരുകളിലായി ആയിരത്തിലധികം അംഗങ്ങളുള്ള സഹകരണ പ്രസ്ഥാനമാണ് കുറുമ്പ പട്ടികവര്‍ഗ സേവന സഹകരണ സംഘം. അംഗങ്ങള്‍ ശേഖരിക്കുന്ന ഔഷധഗുണമുള്ള വനവിഭവങ്ങള്‍ സംഭരിച്ച് ആയുര്‍വേദ ഔഷധശാലകള്‍ക്ക് വില്‍ക്കുകയാണ് സഹകരണസംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. ചെറുവഴുതന, കുറുന്തോട്ടി, ഓരില, മൂവില, അത്തി, തിപ്പലി, പാടക്കിഴങ്ങ് എന്നിങ്ങനെ നിരവധി വിഭവങ്ങള്‍ ശേഖരിക്കുന്നു. ഇവയില്‍ ഭൂരിഭാഗവും അങ്ങാടിമരുന്നുകളില് ഉപയോഗിക്കുന്ന ഔഷധവേരുകളാണ്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയടക്കമുള്ള പ്രമുഖസ്ഥാപനങ്ങള്ക്ക് ഇവര്‍ ഔഷധവേരുകള്‍ വില്‍ക്കുന്നുണ്ട്.