എഎച്ച്പിഐ ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവിന് കൊച്ചിയില്‍ തുടക്കം

കൊച്ചി: ‘രോഗീ കേന്ദ്രീകൃത പരിചരണം; ഹോസ്പിറ്റല്‍ മാനേജ്‌മെന്റിലെ വിപ്ലവകരമായ മാറ്റങ്ങള്‍’ എന്ന വിഷയത്തില്‍ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ്  ഇന്ത്യ (എഎച്ച്പിഐ) സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര കോണ്‍ക്ലേവിന് കൊച്ചി ലേ മെറീഡിയനില്‍ തുടക്കമായി. കിംസ്‌ഹെല്‍ത്ത് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. എം.ഐ സഹദുള്ള (ഓര്‍ഗനൈസിംഗ് ചെയര്‍), രാജഗിരി ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി (ഓര്‍ഗനൈസിംഗ് കോ.ചെയര്‍), കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് സിഇഒ രഞ്ജിത് കൃഷ്ണന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), എഎച്ച്പിഐ ഡയറക്ടര്‍ ജനറല്‍ ഡോ.ഗിര്‍ധര്‍ ഗ്യാനി, പ്രസിഡന്റ് ഡോ. ഭബതോഷ് ബിശ്വാസ്, സ്ഥാപകാംഗമായ ഡോ. അലക്‌സ് തോമസ്, ഡയറക്ടര്‍ ഡോ. സുനില്‍ ഖേതര്‍പല്‍ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള ആരോഗ്യമേഖലയിലെ നിരവധി പ്രമുഖര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുകയും സെഷനുകള്‍ കൈകാര്യം ചെയ്യുകയും ചെയ്തു.

യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് സാധ്യമാക്കുന്നതിലേക്കുള്ള മാര്‍ഗങ്ങള്‍, രോഗീകൃത പരിചരണ മാതൃകകള്‍, സുസ്ഥിര ആരോഗ്യപരിപാലന അടിസ്ഥാന സൗകര്യങ്ങള്‍, നൂതന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സംവിധാനങ്ങള്‍ പ്രാബല്യത്തിലാക്കല്‍, ചിലവും ഗുണമേന്മയും സന്തുലിതമായ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് എന്നീ വിഷയങ്ങളില്‍ സെഷനുകള്‍ നടന്നു. ആരോഗ്യമേഖലയിലെ പ്രമുഖര്‍ ക്ലാസുകള്‍ നയിച്ചു. ഗുണമേന്മ ഉറപ്പാക്കിക്കൊണ്ടുള്ള രോഗീ കേന്ദ്രീകൃത ആരോഗ്യ പരിചരണ രീതികള്‍, രോഗീ സൗഹൃദ ആരോഗ്യപരിചരണം, ഡോക്ടര്‍  രോഗീ ബന്ധം, മിതമായ നിരക്കിലുള്ള ആരോഗ്യപരിചരണ രീതികളുടെ ആവശ്യകത, യൂണിവേഴ്‌സല്‍ ഹെല്‍ത്ത്‌കെയര്‍ മാനദണ്ഡങ്ങളുടെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ പ്രധാന ചര്‍ച്ചകളായി.

രാജ്യത്തുടനീളം ഗുണമേന്മയുള്ള ആരോഗ്യപരിചരണം ഉറപ്പാക്കുന്നതിനുള്ള നിരന്തര പരിശ്രമങ്ങളിലാണ് എഎച്ച്പിഐ. ഇന്ത്യയിലെ ആരോഗ്യപരിചരണ സംവിധാനങ്ങള്‍ അന്താരാഷ്ട്രനിലവാരത്തോളം തന്നെ നിലവാരം പുലര്‍ത്തുന്നവയാണെന്ന് പറയുവാന്‍ സാധിക്കും. ഇത് കൂടുതല്‍ മികച്ചതായിമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് എഎച്ച്പിഐ  പരിപാടിയുടെ ഓര്‍ഗനൈസിംഗ് ചെയര്‍ ഡോ. എംഐ സഹദുള്ള പറഞ്ഞു. രണ്ട് ദിവസങ്ങളിലായി കൊച്ചി ലേ മെറിഡിയനില്‍ നടക്കുന്ന കോണ്‍ക്ലേവ് നാളെ സമാപിക്കും.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions