കൊച്ചി: എറണാകുളത്തപ്പന് മൈതാനത്ത് ആരംഭിച്ച 27ആമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സി.വി. ആനന്ദബോസ് ഉത്ഘാടനം ചെയ്തു. സര്‍വ്വവികസനവും പൂര്‍ണ്ണതയില്‍ എത്താന്കലയും ശാസ്ത്രവും കൂടിയേത്തീരൂ എന്ന് അദ്ദേഹം പറഞ്ഞു. സഹൃദയത്തോടെ കാര്യങ്ങള്‍ ചെയ്ത് മുന്നോട്ടു പോകാന്‍ കലാകാരന്മാര്ക്ക് സാധിക്കും. കല ഉള്‍ക്കൊള്ളുന്നവര്‍ക്കും ആ സഹൃദയത്വം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് പ്രൊഫ.എം.കെ സാനുമാസ്റ്റര്‍ പുസ്തകോത്സവ സന്ദേശം നല്കി. മഹത്തരമായ ഒരു സംവിധാനമാണ് പുസ്തകോത്സവമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജസ്റ്റിസ് പി.എസ്.രവീന്ദ്രന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലിജി ഭരത്ത് സ്വാഗതവും, പി.സോമനാഥന് കൃതജ്ഞതയും രേഖപ്പെടുത്തി. പുസ്തകോത്സവത്തിന്റെ ബുള്ളറ്റിന് റിലീസ് കൊച്ചി മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ എറണാകുളം എം.എല്‍.എ ടി.ജെ.വിനോദിന് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു.എറണാകുളത്ത് സഹൃദയത്തോടെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നും, അതിന് വേണ്ടി തുടര്‍ന്നും പ്രയത്നിക്കുമെന്നും കൊച്ചി മേയര്‍ പറഞ്ഞു.
പുസ്തകങ്ങള്‍ കാലാതീതമാണെന്ന് എറണാകുളം എം.എല്‍.എ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സി.വി.ആനന്ദബോസ് മാധ്യമ രംഗത്ത് ബീനാ റാണിയ്ക്കും (ജനം ചാനല്‍), കവിതാരചനയ്ക്ക് ശ്രീനിവാസന് തൂണേരിയ്ക്കും ഗവര്‍ണ്ണര്‍ എക്സലന്‍സി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ പ്രൊഫ.എം.കെ. സാനു മാസ്റ്ററിനെ ബംഗാള്‍ ഗവര്‍ണ്ണര്‍ ഡോ.സി.വി.ആനന്ദബോസ് പൊന്നാടയണിയിച്ച് ആദരിച്ചു.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് മികച്ച എഴുത്തുകാര്‍ക്ക് ഗവര്‍ണ്ണര്‍ എക്സലന്‍സി അവാര്‍ഡുകള്‍ നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 8 വരെയാണ് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുന്നത്.
ചെണ്ടമേളം അവതരിപ്പിച്ച ഭാരതീയ വിദ്യാഭവന് വിദ്യാര്‍ത്ഥികള്‍ക്കും, ബാന്‍ഡ് വാദ്യം അവതരിപ്പിച്ച കലൂര്‍ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കും മൊമെന്റോ നല്കി. തുടര്‍ന്ന് ഡോ.സി.വി. ആനന്ദബോസിന്റെ പുസ്തകങ്ങളുടെ ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ചെയര്മാന് ഡോ.എം.ആര്.തമ്പാന്, വെച്ചൂച്ചിറ മധു, സുകുമാരന്‍ പെരിയച്ചൂര്‍ എന്നിവര്‍ പങ്കെടുത്തു.