800 നവജാത ശിശുക്കളില്‍ ഒരാള്‍ക്ക് വീതം ഡൗണ്‍സിന്‍ഡ്രോം : ഡോ. ഷാജി തോമസ് ജോണ്‍

281 views 0 secs 0 Comments

കൊച്ചി: 800 നവജാത ശിശുക്കളില്‍ ഒരാള്‍് ഡൗണ്‍സിന്‍ഡ്രോം അവസ്ഥയിലാണ് ജനിക്കുന്നതെന്ന് ഡൗണ്‍സിന്‍ഡ്രോം ട്രസ്റ്റ് ചെയര്‍മാനും ദോസ്ത് സപ്പോര്‍ട്ട് ഗ്രൂപ്പ് സംസ്ഥാന പ്രസിഡന്റുമായ ഡോ. ഷാജി തോമസ് ജോണ്‍ പറഞ്ഞു. രാജ്യാന്തര തലത്തിലുള്ള കണക്കാണിത് വ്യക്തമാക്കുന്നത് അതേ സമയം ഇന്ത്യയിലോ കേരളത്തിലോ ഈ അവസ്ഥയിലുള്ള കുട്ടികളുടെ ഒദ്യോഗിക കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ കേരളത്തില്‍ നിരവധി കുട്ടികളാണ് ഡൗണ്‍സിന്‍ഡ്രോം അവസ്ഥയിലുള്ളതെന്നാണ് വ്യക്തമാക്കപ്പെടുന്നത്.

ഓരോ ദിവസവും ഒരു കുട്ടിയെങ്കിലും വീതം അവരുടെ മാതാപിതാക്കക്കൊപ്പം താന്‍ കാണുന്നുണ്ടെന്നും ഡോ. ഷാജി തോമസ് ജോണ്‍ പറഞ്ഞു. ഡൗണ്‍സിന്‍ഡ്രോം രോഗമല്ല മറിച്ച് ശരീരത്തില്‍ ഒരു ക്രോമസോം അധികമായി ഉണ്ടാകുന്നതുമൂലം സംഭവിക്കുന്ന അവസ്ഥയാണ്.ഇത്തരം അവസ്ഥയിലുള്ള കുട്ടികളെ മാറ്റി നിര്‍ത്താതെ തുടക്കത്തില്‍ തന്നെ കണ്ടെത്തി അവരെ എല്ലാക്കാര്യത്തിലും ഉയര്‍ത്തിക്കൊണ്ടുവരണം. അങ്ങനെ ചെയ്താല്‍ ഇവര്‍ക്ക് പരാശ്രയമില്ലാതെ ജീവിതം നയിക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള കുട്ടികളുടെ ഉന്നമനത്തിനും ഇവരുടെ മാതാപിതാക്കള്‍ക്ക് ആവശ്യമായ പിന്തുണയും അവബോധവും നല്‍കുന്നതിനായി 2000 ല്‍ കോഴിക്കോട് ആരംഭിച്ച സംഘടനയാണ് ദോസ്ത് (ഡൗണ്‍സിന്‍ഡ്രോം ട്രസ്റ്റ്).

ഡൗണ്‍സിന്‍ഡ്രോം അവസ്ഥയിലുള്ള കുട്ടികളില്‍ ഇപ്പോള്‍ മോഡലിംഗിലും ചലച്ചിത്ര മേഖലയിലും തിളങ്ങുന്നവര്‍ വരെയുണ്ട് . ചെറുപ്പത്തിലേ ഇവരുടെ അവസ്ഥ തിരിച്ചറിഞ്ഞ് ഇവരെ പരിശീലിപ്പിക്കുന്നതുകൊണ്ടാണ് ഇതെല്ലാം സാധ്യമാകുന്നത്. മാതാപിതാക്കള്‍ക്ക് ഇതില്‍ വലിയ പങ്കുവഹിക്കാനുണ്ട്. ഇവര്‍ക്കുള്ള പിന്തുണയും ബോധവല്‍ക്കരണവും നല്‍കുന്നതിനൊപ്പം കുട്ടികള്‍ക്കായി ഡൗണ്‍സിന്‍ഡ്രോം ക്ലിനിക്ക്, ബോധവല്‍ക്കരണം, പരിശീലനം എന്നിവയും ദോസ്ത് നല്‍കുന്നുണ്ട്.

ദോസ്ത് 25ാം വര്‍ഷം പിന്നിടുകയാണ്. തുടക്കത്തില്‍ കോഴിക്കാട് മാത്രമാണ് ദോസ്തിന്റെ സപ്പോര്‍ട്ട് ഗ്രൂപ്പുണ്ടായിരുന്നത്.പിന്നീട് കണ്ണൂര്‍, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. മറ്റു ജില്ലകളിലും സപ്പോര്‍ട്ട് ഗ്രൂപ്പ് രൂപീകരിക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്‌സ്( ഐഎപി)യുമായി സഹകരിച്ചാണ് സപ്പോര്‍ട്ട് ഗ്രൂപ്പ് ആരംഭിക്കുന്നതെന്നും ഡോ. ഷാജി തോമസ് ജോണ്‍ പറഞ്ഞു

ദോസ്തിന്റെ സംസ്ഥാന സമ്മേളനം ഡൗണ്‍സിന്‍ഡ്രോം ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡി.എസ്.എഫ്.ഐ) യുമായി ചേര്‍ന്നാണ് നവംബര്‍ 22, 23 തിയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. കലൂര്‍ ഐ.എം.എ ഹൗസില്‍ 22 ന് വൈകുന്നേരം ആറിന് ഡൗണ്‍സിന്‍ഡ്രോം കുട്ടികളുടെ ഫാഷന്‍ ഷോ, ഡാന്‍സ് എന്നിവയോടുകൂടിയാണ് സമ്മേളനം ആരംഭിക്കുന്നത്, ഏഴരയ്ക്ക് വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും.ഡി.എസ്.എഫ്.ഐ പ്രസിഡന്റ് ഡോ. സുരേഖ രാമചന്ദ്രന്‍ മുഖ്യ അതിഥിയായിരിക്കും. ദോസത് സപ്പോര്‍ട്ട് ഗ്രൂപ്പ് പ്രസിഡന്റ് ഡോ.ഷാജി തോമസ് ജോണ്‍ അധ്യക്ഷത വഹിക്കും.

ഐ.എ.പി സംസ്ഥാന പ്രസിഡന്റ് ഡോ. ഷിമ്മി പൗലോസ്, ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.ജേക്കബ് അബ്രാഹം,ഡോ. വിവിന്‍ അബ്രാഹം,ഡോ. ജീസണ്‍ സി. ഉണ്ണി, ഡോ. എം. നാരായണന്‍, നാസര്‍ ബാബു, നസ്‌റിന്‍ അഗ്ഫാ തുടങ്ങിയവര്‍ സംസാരിക്കും. 23 ന് രാവിലെ ഒമ്പതു മുതല്‍ ഡൗണ്‍സിന്‍ഡ്രോമുള്ള കുട്ടികളുടെ മാതാപിതക്കള്‍ക്കായി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, ചര്‍ച്ചകള്‍, സംശയം നിവാരണം എന്നിവ നടക്കും. സമ്മേളനത്തില്‍ മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍, വെല്ലുവിളികള്‍ എന്നി ക്രോഡീകരിച്ച് സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കും.ഐ.എ.പി കേരള, കൊച്ചിന്‍ ചാപ്റ്ററുകളും ഐ.എം.എ കൊച്ചിനും സംയുക്തമായിട്ടാണ് സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്.

Spread the love
TAGS:
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions