എഒഐകോണ്‍ പോലുള്ള വലിയ ദേശീയ സമ്മേളനങ്ങള്‍ക്ക് കേരളം വേദിയാകുമ്പോള്‍ കോടിക്കണക്കിനു രൂപയാണ് സംസ്ഥാനത്ത് ചിലവഴിക്കപ്പെടുന്നത്.ഇത് നമ്മുടെ സാമ്പത്തിക മേഖലയുടെ ഉന്നമനത്തിന് ഏറെ ഗുണകരമാണ്
കൊച്ചി: നാലു ദിവസമായി എറണാകുളം ലേ മെറീഡിയനില്‍ നടക്കുന്ന ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന് ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76ാമത് ദേശീയ സമ്മേളനം ‘ എഒഐകോണ്‍ 2025 കേരളത്തിന്റെ വിനോദ സഞ്ചാരമടുക്കമുള്ള വിവിധ മേഖലകള്‍ക്ക് വലിയ സാമ്പത്തിക നേട്ടമായിരിക്കും സമ്മാനിക്കുകയെന്ന് സംഘാടക സമിതി കണ്‍വീനര്‍ ഡോ. എം.എം.ഹനീഷ് അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുമായി നാലായിരത്തോളം പ്രതിനിധികളും അവരുടെ കുടുംബങ്ങളും ഒരേ സമയം കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന കൊച്ചിയിലേക്ക് ഒഴുകിയെത്തുമ്പോള്‍ സാമ്പത്തികമായി അതിന്റെ പ്രയോജനം ലഭിക്കുന്നത് ചെറിയ പെട്ടിക്കടകള്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്വരെയും, എയര്‍ലൈന്‍, ട്രെയിന്‍,ഓട്ടോ, ടാക്സി, ഷോപ്പിംഗ് മാളുകള്‍ക്കും കൊച്ചി, ആലപ്പുഴ,കുമരകം,മൂന്നാര്‍ അടക്കമുളള വിനോദ സഞ്ചാരമേഖലകള്ക്കുമായിരിക്കും.
എഒഐകോണ്‍ പോലുള്ള വലിയ ദേശീയ സമ്മേളനങ്ങള്‍ക്ക് കേരളം വേദിയാകുമ്പോള്‍ കോടിക്കണക്കിനു രൂപയാണ് സംസ്ഥാനത്ത് ചിലവഴിക്കപ്പെടുന്നത്.ഇത് നമ്മുടെ സാമ്പത്തിക മേഖലയുടെ ഉന്നമനത്തിന് ഏറെ ഗുണകരമാണ്.കേരളത്തിലെ വിനോദം,ഗതാഗതം,താമസം അടക്കം സമസ്തമേഖലയ്ക്കും ഇത്തരത്തിലുള്ള സമ്മേളനങ്ങള്‍ വലിയ ഉണര്‍വ്വാണ് സമ്മാനിക്കുന്നത്. വലിയ വ്യാപാര സ്ഥാപനങ്ങള്‍ മുതല്‍ ചെറിയ രിതിയിലുളള കടകള്‍ക്ക് വരെ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എഒഐകോണ്‍ 2025 സാമ്പത്തികമായി ഗുണകരമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നാലായിരത്തോളം മുറികളാണ് എറണാകുളത്തും സമീപ പ്രദേശങ്ങളിലുമായി സമ്മേളന പ്രതിനിധികള്‍ക്കായി ബുക്ക് ചെയ്തിരിക്കുന്നത്, എറണാകുളം നഗരത്തിലെ കൂടാതെ സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം നേരത്തെ തന്നെ സമ്മേളനത്തിനായി ബുക്ക് ചെയ്തു കഴിഞ്ഞു. അതു പോലെ തന്നെ രണ്ടായിരത്തോളം ടാക്സികളും സമ്മേളനത്തിന്റെ ഭാഗമായി വാടകയ്്ക്ക് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ദൈനംദിനം തൊഴില്‍ ചെയ്യുന്ന ധാരാളം പേര്‍ക്ക് എഒഐകോണ്‍ 2025 വഴി നാലു ദിവസങ്ങളിലായി തൊഴില്‍ ലഭിക്കുമെന്നും ഡോ. ഹനീഷ് പറഞ്ഞു.