നിര്‍മ്മിതബുദ്ധി വെല്ലുവിളിയല്ലെന്ന് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍

കൊച്ചി: എഐ വന്നാലും മനുഷ്യനു പകരം വെയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ലെന്ന് ജെയിന്‍ സര്‍വ്വകലാശാലയുടെ ന്യൂ ഇനീഷ്യേറ്റീവ് ഡയറക്ടറും സ്റ്റാര്‍ട്ടപ്പ് നിക്ഷേപകനുമായ ഡോ ടോം ജോസഫ്. ഏത് ബിസിനസിന്റെയും താക്കോല്‍ എന്നു പറയുന്നത് ജനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘നാം ഉയര്‍ച്ചയിലേക്ക്’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.’എങ്ങനെ സമ്പത്ത് ഉത്പാദിപ്പിക്കാം എങ്ങനെ ലാഭം ഉണ്ടാക്കാം എന്നു ചിന്തിക്കാതെ ബിസിനസ് വളരുകയില്ല. ഏത് ബിസിനസിന്റെയും താക്കോല്‍ എന്നു പറയുന്നത് ജനങ്ങളാണ്. എഐ വന്നാലും മനുഷ്യനു പകരം മനുഷ്യന്‍ മാത്രമേയുള്ളൂ. സ്റ്റാര്‍ട്ടപ്പ് പാഷനും ഫാഷനുമായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ സിനിമ എഴുത്ത് പാഷനായിരുന്നു. പത്ത് പേര് കഥ കേട്ടുകഴിഞ്ഞാല്‍ പണി നിര്‍ത്തി പോകും.

സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ തിരുത്തല്‍ പ്രവര്‍ത്തനം വേണം. സ്റ്റാര്‍ട്ടപ്പ് ആശയവുമായി വരുമ്പോള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതല്ലെങ്കില്‍ അവരെ പറഞ്ഞ് മനസിലാക്കി കൊടുക്കണം. ഒന്നിനും കൊള്ളാത്ത ആശയങ്ങളെ പ്രോത്സാഹിപ്പിച്ചാണ് ഇവിടെ ചിലര്‍ സ്റ്റാര്‍ട്ടപ്പ് മേഖലയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും  ടോം ജോസഫ് പറഞ്ഞു.എഐ മനുഷ്യനു പകരംവെക്കാന്‍ സാധിക്കില്ല. എന്നാല്‍ നമ്മുടെ ജോലി എളുപ്പമാക്കാന്‍ നിര്‍മ്മിത ബുദ്ധികൊണ്ട് കഴിയും. വരും തലമുറയ്ക്ക് ഇത്തരം സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വെബ്‌സൈറ്റ് പോലുള്ള സങ്കേതങ്ങള്‍ നിമിഷ നേരംകൊണ്ട് നിര്‍മ്മിക്കാന്‍ കഴിയും. ‘ക്വിക്ക് കൊമേഴ്‌സി’നാണ് ഇത്തരം സാങ്കേതികവിദ്യകള്‍ സഹായകരമാകുകയെന്ന് റോംസ് ആന്റ് റാക്‌സ് സഹസ്ഥാപകന്‍ തരുണ്‍ ലീ ജോസ് അഭിപ്രായപ്പെട്ടു.

എഐയുടെ സഹായത്തോടെ ഉപഭോക്താവുമായി ഏത് ഭാഷയില്‍ വേണമെങ്കിലും സംവദിക്കാന്‍ സാധിക്കുമെന്നും എഐ മനുഷ്യന് വെല്ലുവിളിയാകുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഫെമി സേഫിന്റെ സഹസ്ഥാപക നൗറീന്‍ ആയിഷ പറഞ്ഞു.എഐ ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധ്യതയുള്ളത് വിദ്യാഭ്യാസ മേഖലയിലാണ്. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ഏറ്റവും കുറവ് മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ളത് വിദ്യാഭ്യാസ മേഖലയിലാണ്.

എന്റെ അച്ഛനും ഞാനും പഠിച്ചതും എന്റെ മകന്‍ പഠിക്കുന്നതും വേണമെങ്കില്‍ ഒരേ രീതിയിലാണെന്ന് പറയാം. അന്നും ഇന്നും അറുപത് കുട്ടികള്‍ക്ക് ഒരു ടീച്ചര്‍ എന്ന നിലയിലാണ്. അതുകൊണ്ട്  മിടുക്കന്‍മാരും  ഉഴപ്പന്മാരും ക്ലാസില്‍ ഉണ്ടാകും. ടീച്ചര്‍ക്ക് കുട്ടികളെ ശ്രദ്ധിക്കാന്‍ പരിമിതി ഉള്ളതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇന്ന് ടെക്‌നോളജി ഉപയോഗിച്ച് പേഴ്‌സണലൈസ്ഡ് ലേണിങ് നടത്താന്‍ കഴിയും.’ എഡ്യുപോര്‍ട്ട് അക്കാദമിയുടെ സ്ഥാപകന്‍ അജാസ് മുഹമ്മദ് വ്യക്തമാക്കി.ഇഎല്‍ടി ഗ്ലോബലിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ ദീപക് എച്ച്, എംഇഡിപിജിയുടെ സ്ഥാപകനും സിഇഒയുമായ ഡോ ബെന്‍സണ്‍ ബെഞ്ചമിന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Spread the love
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions