അഷ്ടമുടി കക്ക ഉല്‍പാദനം കുറയുന്നു

സിഎംഎഫ്ആര്‍ഐ അഷ്ടമുടികായലില്‍ കക്കയുടെ 30 ലക്ഷം വിത്തുകള്‍ നിക്ഷേപിച്ചു

 

കൊച്ചി: പൂവന്‍ കക്ക എന്ന് വിളിക്കുന്ന അഷ്ടമുടികായലിലെ കക്കയുടെ ഉല്‍പാദനം ഗണ്യമായി കുറയുന്നതിന് പരിഹാരമായി പുനരുജ്ജീവന പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). കക്ക ഉല്‍പാദനത്തില്‍ സ്വഭാവിക പുനരുജ്ജീവനം ലക്ഷ്യമിട്ട് കായലില്‍ 30 ലക്ഷം കക്ക വിത്തുകള്‍ നിക്ഷേപിച്ചു. സിഎംഎഫ്ആര്‍ഐയുടെ വിഴിഞ്ഞം കേന്ദ്രത്തിലെ ഹാച്ചറിയില്‍ കൃത്രിമ പ്രജനന സാങ്കേതികവിദ്യയിലൂടെ ഉല്‍പാദിപ്പിച്ച വിത്തുകളാണ് കായലില്‍ രണ്ടിടത്തായി നിക്ഷേപിച്ചത്. പ്രധാനമന്ത്രി മത്സ്യസമ്പദ യോജന ബ്ലൂ ഗ്രോത്ത് പദ്ധതിയുടെ ഭാഗമായാണ് പദ്ധതി

സുസ്ഥിരമായ രീതിയില്‍ കായലില്‍ കക്കയുടെ ലഭ്യത പൂര്‍വസ്ഥിതിയിലാക്കുകയാണ് ലക്ഷ്യം. മത്സ്യത്തൊഴിലാളികള്‍ക്കും വിദേശ കയറ്റുമതി വ്യാപാരത്തിനും ഗുണകരമാകുന്നതാണ് പദ്ധതി. ബിഷപ്പ് തുരുത്ത്, വളം അന്‍സില്‍ തുരുത്ത് എന്നിവിടങ്ങിലാണ് വിത്തുകള്‍ നിക്ഷേപിച്ചത്. ഒരു വര്‍ഷം നീണ്ടു നിന്ന ഗവേഷണത്തിലൂടെ സിഎംഎഫ്ആര്‍ഐ പൂവന്‍ കക്കയുടെ വിത്തുല്‍പാദന സാങ്കേതികവിദ്യ വികസിപ്പിച്ചതാണ് പുനരുജ്ജീവന പദ്ധതിക്ക് വഴിയൊരുക്കിയത്.

സാമ്പത്തികപാരിസ്ഥിതിക പ്രാധാന്യമുള്ള അഷ്ടമുടി കായലിലെ അമൂല്യ സമ്പത്താണ് ഈ കക്ക. എന്നാല്‍, കുറച്ചു വര്‍ഷങ്ങളായി ഇവയുടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു വരികയാണ്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാണിത്. സിഎംഎഫ്ആര്‍ഐയുടെ കണക്കുകള്‍ പ്രകാരം, 1990 കളുടെ തുടക്കത്തില്‍ ഈ കക്കയുടെ വാര്‍ഷിക ലഭ്യത 10,000 ടണ്‍ ഉണ്ടായിരുന്നത് സമീപകാലത്ത് ആയിരം ടണ്ണില്‍ താഴെയായി കുത്തനെ കുറഞ്ഞിട്ടുണ്ട്.

പരിസ്ഥിതി മലിനീകരണം, തദ്ദേശീയമല്ലാത്ത ജീവിവര്‍ഗങ്ങളുടെ കടന്നുകയറ്റം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ എന്നിവയാകാം കക്ക കുറയാനുള്ള കാരണങ്ങളെന്ന് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.അന്താരാഷ്ട്ര വിപണികളില്‍ ആവശ്യക്കാരേറുന്നതിനാല്‍ മികച്ച കയറ്റുമതി സാധ്യതയുള്ളതാണ് അഷ്ടമുടി കക്ക.

സിഎംഎഫ്ആര്‍ഐ വിഴിഞ്ഞം പ്രാദേശിക കേന്ദ്രം മേധാവി ഡോ ബി സന്തോഷ്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമാരായ ഡോ എം കെ അനില്‍, ഡോ ഇമെല്‍ഡ ജോസഫ്, ജോയിന്റ് ഫിഷറീസ് ഡയറക്ടര്‍ എച്ച് സാലിം, ഡെപ്യൂട്ടി ഫിഷറീസ് ഡയറക്ടര്‍ രമേഷ് ശശിധരന്‍, സിഎംഎഫ്ആര്‍ഐ മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ കെ കെ അപ്പുകുട്ടന്‍, ഡോ പി ഗോമതി എന്നിവര്‍ സംസാരിച്ചു. സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവര്‍ സംബന്ധിച്ചു.

 

Spread the love
TAGS:
Comments are closed.
Precious Metals Data, Currency Data, Charts, and Widgets Powered by nFusion Solutions