പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന കുട്ടികള്‍ കൂട്ടം തെറ്റിപ്പോയാല്‍ കണ്ടെത്തുന്നതിനായി കേരള പോലീസ് വകുപ്പുമായി ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി സഹകരിക്കുന്നു. കുട്ടികളുമായി എത്തുന്ന
അയ്യപ്പഭക്തര്‍ പമ്പയിലെ വി സുരക്ഷാ കിയോസ്‌ക് സന്ദര്‍ശിച്ച് രക്ഷിതാവിന്റെയോ കുടുംബാംഗത്തിന്റെയോ മൊബൈല്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്താല്‍ ക്യുആര്‍ കോഡ് ബാന്‍ഡ് ലഭിക്കും. അത് കുട്ടിയുടെ കൈത്തണ്ടയില്‍ കെട്ടാം. കൂട്ടം തെറ്റുന്ന കുട്ടിയെ കണ്ടെത്തുമ്പോള്‍ അടുത്തുള്ള കേരള പോലീസ് ചെക്ക് പോസ്റ്റില്‍ ഏല്‍പ്പിക്കാം അവിടെ പോലീസ് ബൂത്തില്‍, ഉദ്യോഗസ്ഥര്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രക്ഷിതാവിന്റെയോ കുടുംബാംഗത്തിന്റെയോ രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് വിളിക്കുന്നതിലൂടെ ബൂത്തില്‍ വന്ന് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടിയെ കൂട്ടിക്കൊണ്ടു പോകാം.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് കേരള വൈസ് പ്രസിഡന്റും സര്‍ക്കിള്‍ ഓപ്പറേഷന്‍സ് വിഭാഗം മേധാവിയുമായ ബിനു ജോസ്, പത്തനംതിട്ട അഡീഷണല്‍ പോലീസ് സൂപ്രണ്ട് ആര്‍. ബിനു, പത്തനംതിട്ട സൈബര്‍ സെല്‍ സബ് ഇന്‍സ്പെക്ടര്‍ അരവിന്ദാക്ഷന്‍ നായര്‍ പി.ബി എന്നിവരുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ ഐപിഎസ് ക്യൂആര്‍ കോഡ് ബാന്‍ഡ് ഔദ്യോഗികമായി അവതരിപ്പിച്ചു.
സാങ്കേതിക വിദ്യയിലൂന്നി ദൈനംദിന ജീവിത അനായാസമാക്കുന്നതിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് കേരള വൈസ് പ്രസിഡന്റും സര്‍ക്കിള്‍ ഓപ്പറേഷന്‍സ് വിഭാഗം മേധാവിയുമായ ബിനു ജോസ് പറഞ്ഞു. ഓരോ വര്‍ഷവും 4550 ദശലക്ഷം തീര്‍ത്ഥാടകരാണ് ശബരിമലയില്‍ എത്തുന്നത്. മണ്ഡലകാലത്ത് പ്രത്യേകിച്ച് മകരവിളക്ക് സമയത്തെ തിരക്കില്‍ കൂട്ടികള്‍ കൂട്ടം തെറ്റുന്നത് പതിവാണ്. ഈ സാഹചര്യത്തില്‍ കേരള പോലീസിന് വിയുടെ ക്യൂആര്‍ കോഡ് ബാന്‍ഡ് വളരെയധികം സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതികവിദ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിര്‍ണ്ണായകമായ ഈ കാലഘട്ടത്തില്‍ എല്ലാ മണ്ഡല, മകരവിളക്ക് കാലത്ത് അഭിമുഖീകരിക്കുന്ന ആശങ്കകളിലൊന്ന് പരിഹരിക്കുന്നതിന് വിയുമായി സഹകരിച്ച് അതിന്റെ സാങ്കേതിക സഹായം നടപ്പിലാക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍ ഐപിഎസ് പറഞ്ഞു. തിരക്കില്‍ കൂട്ടം തെറ്റുന്ന കുട്ടികളെ സുരക്ഷിതരായി രക്ഷാകര്‍ത്താക്കള്‍ക്ക് തിരികെ ഏല്‍പ്പിക്കുന്നതില്‍ വി സുരക്ഷാ ക്യൂആര്‍ കോഡ് ബാന്‍ഡ് പോലീസിന് വളരയെധികം സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ക്യൂആര്‍ കോഡ് ബാന്‍ഡുകള്‍ തീര്‍ഥാടന കാലത്ത് ആക്റ്റീവ് ആയിരിക്കും. അവ കൈമാറ്റം ചെയ്യാനാകില്ല.